ഫയലുകളുടെ പുരോഗതിയും തപാൽ വിവരങ്ങളും ഇ ഫയൽ റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ നിർദേശം
Saturday, November 2, 2024 1:14 AM IST
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഫയലുകളുടെ പുരോഗതിയും തപാൽ കണക്കുകളും പ്രതിമാസ ഇ ഫയൽ റിപ്പോർട്ടിൽ പ്രത്യേകമായി വിലയിരുത്തി എല്ലാ മാസവും വകുപ്പു മേധാവികൾക്ക് അയയ്ക്കാൻ നിർദേശം.
എല്ലാ വകുപ്പുകളിലെയും കളക്ടററേറ്റിലെയും ഓഫീസുകളിലെയും സെക്ഷനുകളിലെയും ഫയലുകളുടെയും തപാലുകളുടെയും വിവരങ്ങൾ പ്രത്യേകമായി ഇ ഫയൽ വഴി ഓരോ മാസവും അഞ്ചിനകം സമർപ്പിക്കാനാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലറിൽ നിർദേശിക്കുന്നത്. സർക്കാർ ഓഫീസുകളിലെ ഫയൽനീക്കം നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം.
ഓരോ മാസവും പുതുതായി ആരംഭിക്കുന്ന ഫയലുകളുടെയും തീർപ്പാക്കുന്നവയുടെയും അവശേഷിക്കുന്നവയുടെയും വിവരങ്ങൾ അവലോകനം ചെയ്ത് കാര്യകാരണങ്ങൾ സഹിതം പ്രതിമാസ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശിക്കുന്നു.
ഓരോ ഓഫീസിലെയും വിവരങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിൽ വരെ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.