അന്ന് അഞ്ചലോട്ടക്കാരൻ; ഇന്ന് ആചാര്യൻ
Friday, November 1, 2024 2:21 AM IST
കൊച്ചി: ജീവിതത്തിലെ ആകസ്മികതകളിൽ അഞ്ചലോട്ടക്കാരന്റെ നിയോഗമേറ്റതിന്റെ ചരിത്രമുണ്ട് യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍. അന്നത്തെ അഞ്ചലോട്ടക്കാരൻ പിന്നീട് യാക്കോബായ സഭയുടെ പരമാധ്യക്ഷനായി ഉയർത്തപ്പെട്ടതിലും ദൈവനിയോഗം. പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായിയുടെയും കോലഞ്ചേരി കല്ലിങ്കല്‍ കുഞ്ഞാമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി 1929 ജൂലൈ 22നാണ് ബാവയുടെ ജനനം.
മാതാപിതാക്കൾ നൽകിയ പേര് കുഞ്ഞൂഞ്ഞ് എന്ന സി.എം. തോമസ്. ചെറുപ്പത്തിലേ കുഞ്ഞൂഞ്ഞിനെ വിവിധ രോഗങ്ങൾ അലട്ടി. അതുമൂലം പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസിൽ അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് തപാല്‍ വകുപ്പില്‍ അഞ്ചലോട്ടക്കാരന്റെ ദൗത്യം. തപാല്‍ വകുപ്പിലെ ഈ ജോലി വേണ്ടെന്നുവച്ചായിരുന്നു പൗലോസ് മോര് പീലക്സിനോസിനൊപ്പം പിറമാടം ദയറായിലെത്തിയത്.
വൈദികനാകുന്നതിനു മുന്നോടിയായി വടവുകോട് ഞാര്‍ത്താങ്കല്‍ കോരുത് മല്പ്പാന്റെ ശിഷ്യനായി. ദൈവശാസ്ത്ര പാഠങ്ങളും ആരാധനാക്രമങ്ങളും ഹൃദിസ്ഥമാക്കി.സൺഡേസ്കൂൾ അധ്യാപകനായും പിറമാടം ദയറായിൽ ശുശ്രൂഷകനായുമുള്ള പ്രവർത്തനം വൈദിപഠനത്തിലേക്കു ചുവടുവയ്ക്കാൻ നിമിത്തമായി.
23-ാം വയസിൽ കോറായ പട്ടം സ്വീകരിച്ചു. 1958 സെപ്റ്റംബര്‍ 21ന് മഞ്ഞിനിക്കര ദയറായില്‍ ഫാ. സി.എം. തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദികനായി. അന്ത്യോഖ്യ പ്രതിനിധി യൂലിയോസ് ഏലിയാസ് ബാവയില്നിന്നാണു പട്ടം സ്വീകരിച്ചത്. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരിയായാണു പ്രഥമ നിയോഗം.