ആഗോളസഭയ്ക്ക് അഭിമാനം: ഡോ. ലെയോപോള്‍ദോ ജിറേല്ലി
Friday, November 1, 2024 2:21 AM IST
ചങ്ങനാശേരി: ആഗോളസഭയില്‍ വിശ്വാസികളുടെയും ദേവാലയങ്ങളുടെയും സമര്‍പ്പിതരുടെയും എണ്ണത്തില്‍ മുന്‍നിരയിലുള്ള ചങ്ങനാശേരി അതിരൂപതയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ ആര്‍ച്ച്ബിഷപ്പാണ് മാർ തോമസ് തറയിലെന്ന് വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി.
വിശ്വാസത്തിലും വിശുദ്ധിയിലും അനുഗൃഹീതമായ അതിരൂപതയെ പുതിയ കാലഘട്ടത്തിന്റെ ജീവിതശൈലിക്കും ചിന്താധാരയ്ക്കും അനുയോജ്യമായി നയിക്കാനും പ്രബോധിപ്പിക്കാനും പ്രാപ്തനാണ് മാര്‍ തോമസ് തറയില്‍.
ഇത്രയേറെ വിശ്വാസികളും സ്ഥാപനങ്ങളുമുള്ള കൂട്ടായ്മയെ നയിക്കാന്‍ വലിയൊരു ദൗത്യമാണ് പുതിയ ആര്‍ച്ച്ബിഷപ് ഏറ്റെടുക്കുന്നത്.
ഇരുപത്തിരണ്ട് വര്‍ഷം അതിരൂപതയ്ക്കും ഭാരതസഭയ്ക്കും മാതൃകാപരമായ ശുശ്രൂഷയര്പ്പിച്ച ശേഷമാണ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നത്. അജഗണങ്ങളെ ഒരുമയിലും സ്നേഹത്തിലും കരുതലോടെ നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മാര്‍ പെരുന്തോട്ടത്തിന്റെ വ്യക്തി ജീവിതത്തിലെ ശാന്തത അതിരൂപതാ കുടുംബത്തിലും സമാധാനവും ശാന്തിയും സമ്മാനിച്ചതായി ഡോ. ലെയോപോള്‍ദോ ജിറേല്ലി അനുസ്മരിച്ചു.