രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി റബര്‍ കര്‍ഷക കണ്ണീര്‍ജ്വാല
Saturday, November 2, 2024 1:14 AM IST
കോട്ടയം: റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍ - കോര്‍പറേറ്റ് - റബര്‍ ബോര്‍ഡ് ഒത്തുകളിക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമരപരിപാടികളുടെ തുടക്കമായി.
കേരളപ്പിറവി ദിനത്തില്‍ കോട്ടയത്ത് റബര്‍ കര്‍ഷക കണ്ണീര് ജ്വാല എന്ന പേരില്‍ റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പു സമയത്ത് വില ഉയര്‍ത്തി പിന്നീട് വില ഇടിച്ച് കര്‍ഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ കര്‍ഷകര്‍ തിരിച്ചറിയുമെന്നും വോട്ടിലൂടെ പ്രതികരിക്കാന്‍ റബര്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് മടിയില്ലെന്നും കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരേ ശക്തമായ സമരപരിപാടികളുമായി കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും രാജീവ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു.
കോട്ടയം കളക്ടറേറ്റ് പടിക്കല്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ലൂര്‍ദ് ഫൊറോന വികാരി റവ. ഡോ. ഫിലിപ്പ് നെല്പുരപ്പറമ്പില് ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് റബര്‍ ബോര്‍ഡ് പടിക്കല്‍ എത്തി പ്രതിഷേധ ജ്വാല തെളിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ഡോ. കെ.എം. ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, രൂപത ഡയറക്ടര്‍മാരായ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, റവ. ഡോ. മാത്യൂ പാലക്കുടി, ഭാരവാഹികളായ ബിജു സെബാസ്റ്റ്യന്‍, ഇമ്മാനുവല്‍ നിധീരി, ബേബി കണ്ടത്തില്‍, തമ്പി എരുമേലിക്കര, ജോസ് വട്ടുകുളം, ബിനു ഡൊമിനിക്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ആന്‍സമ്മ സാബു, ജേക്കബ് നിക്കോളാസ്, പിയൂസ് പറേടം, ജോര്‍ജുകുട്ടി പുന്നക്കുഴി, ജോണ്സണ് വീട്ടിയാങ്കല്‍, മനു വരാപ്പള്ളി, ബിജു ഡൊമിനിക്, രാജീവ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ
ഇറക്കുമതി മാനദണ്ഡങ്ങള്‍ പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുകയും ഇറക്കുമതിക്ക് കുറഞ്ഞ തുക പ്രഖ്യാപിക്കുകയും വേണം. പോര്‍ട്ട് നിയന്ത്രണവും ഗുണനിലവാര മാനദണ്ഡവും കൊണ്ടുവരണം. മാര്‍ക്കറ്റ് വിലയിരുത്തി കര്ഷകന് വേണ്ട നിര്‍ദേശം കൊടുക്കണം.
ന്യായവില ലഭ്യമാക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിക്കേണ്ട റബര്‍ ബോര്‍ഡ് നിഷ്ക്രിയമായി നിലകൊള്ളുകയാണ്. ഇതു മാറ്റി റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്കു വേണ്ടി നിലകൊള്ളണം.ആഭ്യന്തര റബര്‍ സംരംഭങ്ങള്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം. റബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
റബറിന് 250 രൂപ പ്രകടന പത്രികയില്‍ ഉറപ്പു നല്കി അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം, ബജറ്റില്‍ വകയിരുത്തിയ തുക നല്കി റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.