17 വർഷം മുന്പ് കണ്ണൂരിൽ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും ജീവനൊടുക്കി
Friday, November 1, 2024 2:20 AM IST
നവാസ് മേത്തർ
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് സംബന്ധിച്ചു വിവാദവും ചർച്ചയും തുടരുന്പോൾ 17 വർഷം പിന്നിലേക്കു സഞ്ചരിച്ചാൽ ഏതാണ്ട് സമാനമായ രീതിയിൽ മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്റെ മരണവും കണ്ടെത്തും.
2007 ജൂൺ മൂന്നിന് അന്നത്തെ കണ്ണൂർ ആർടിഒ ആയിരുന്ന കെ.എം. പുരുഷോത്തമനെയായിരുന്നു ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
എഡിഎം നവീൻ ബാബുവിനെ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെങ്കിൽ കെ.എം. പുരുഷോത്തമൻ തന്റെ ഓഫീസ് മുറിയിലെ ഫാൻ ആണ് ജീവനൊടുക്കാൻ തെരഞ്ഞെടുത്തത്.
പയ്യന്നൂർ പിലാത്തറ സ്വദേശിയായ അദ്ദേഹത്തിന്റെ മരണം ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നുവെങ്കിലും വലിയ തോതിലുള്ള അന്വേഷണങ്ങളൊന്നുമില്ലാതെ അവസാനിക്കുകയായിരുന്നു.
കാൻസർ രോഗിയായിരുന്ന പുരുഷോത്തമൻ തിരുവനന്തപുരത്ത് പോയി അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറെ കണ്ട് തിരിച്ചെത്തിയ ശേഷമാണു ജില്ലാ പോലീസ് ആസ്ഥാനത്തോട് ചേർന്നുള്ള റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനുള്ളിലെ തന്റെ ഒദ്യോഗിക മുറിയിൽ തൂങ്ങിമരിച്ചത്.
രാവിലെ ഓഫീസിൽ എത്തിയ ജീവനക്കാരനാണ് പുരുഷാത്തമനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുന്നത്. പുരുഷോത്തമന്റെ മരണം വലിയ വിവാദമാകുകയോ വലിയ തോതിൽ വാർത്തകളിൽ ഇടംപിടിക്കുകയോ ചർച്ചയാകുകയോ ചെയ്തില്ല.
കണ്ണൂരിലെ വിവാദനായകനായ ഒരു മോട്ടോർ വാഹന ഏജന്റ് ഒരുക്കിയ കുരുക്കുകളെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണു പുരുഷോത്തമനെ ആത്മഹത്യയിലേക്കു തള്ളിവിട്ടതെന്ന് ആരോപണം ഉയർന്നിരുന്നു. ഏജന്റിനുവേണ്ടി ഉന്നതനായ ഒരു രാഷ്ട്രീയനേതാവിന്റെ പരസ്യമായ അപമാനിക്കലിനു പുരുഷോത്തമൻ ഇരയായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഉന്നതനായ ഒരു നേതാവ് പുരുഷോത്തമനെക്കുറിച്ച് വളരെ മോശമായ പരാമർശങ്ങളടങ്ങിയ റിക്കാർഡ് ചെയ്ത ശബ്ദം ഒരു പാർട്ടിയുടെ വയനാട്ടുകാരനായ സംസ്ഥാന നേതാവിനെ കേൾപ്പിച്ചു കൊടുക്കുകയും ഇതിനു പിന്നാലെ പുരുഷോത്തമനെ മലപ്പുറത്തേക്കു സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
മാത്രവുമല്ല, ഏജന്റിനു വേണ്ടി ഉന്നത നേതാവ് ഇടപെട്ട് അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറെ കണ്ണൂരിലേക്കയച്ച് പുരുഷോത്തമനെതിരേ ചില അന്വഷണങ്ങൾ നടത്തിക്കുകയും ചെയ്തു.
വിവാദ ഏജന്റ് തന്റെ ചൊൽപ്പടിക്കു നിൽക്കാത്ത ഉദ്യോഗസ്ഥരെ നിരന്തരം വേട്ടയാടുക പതിവായിരുന്നെന്ന് അന്ന് ഉന്നത സ്ഥാനത്തിരുന്ന ഒരു മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥൻ ദീപികയോടു പറഞ്ഞു.
പുരുഷോത്തമന്റെ ആത്മഹത്യക്കു ശേഷമാണ് അദ്ദേഹത്തെ ഏജന്റ് രാഷ്ട്രീയസ്വാധീനമുപയോഗിച്ച് തകർക്കുകയായിരുന്നുവെന്നതു വ്യക്തമായത്.
സി.കെ. നാണു ഗതാഗതമന്ത്രിയും സോമരാജൻ ട്രാൻസ്പോർട്ട് കമ്മീഷണറുമായിരുന്ന കാലത്ത് മന്ത്രിയുടെ ഗുഡ് ബുക്കിൽ ഇടം പിടിച്ചിരുന്ന ഉദ്യോഗസ്ഥൻകൂടിയായിരുന്നു പുരുഷോത്തമൻ.