മുനമ്പം സമരം : ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിരാഹാരമനുഷ്ഠിച്ചു
Saturday, November 2, 2024 1:14 AM IST
മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് മുനമ്പം നിവാസികള്‍ നടത്തുന്ന ഉപവാസ സമരത്തിന്റെ 20-ാം ദിനമായ ഇന്നലെ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിരാഹാരമനുഷ്ഠിച്ചു.
രൂപത വികാരി ജനറാള്‍ മോണ്‍. റോക്കി റോബി കളത്തില്‍, രാജു അന്തോണി, ഫിലോമിന ജോസഫ്, ബെന്നി കുറുപ്പശേരി, എമേഴ്സന്‍ എന്നിവരും ഇന്നലെ നിരാഹാരസമരത്തില്‍ പങ്കാളികളായി.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി. സഹദേവന്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ. മനോജ്, ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനില്‍, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്മാന് പോള്‍ ചേന്നാമ്പിളി, കോണ്‍ഗ്രസ് വൈപ്പിന്‍ ബ്ലോക്ക് പ്രസിഡന്റ് എ. പി. ആന്റണി തുടങ്ങിയവര്‍ സമരത്തിന് പിന്തുണയറിയിക്കാനെത്തി.
രാഷ്ട്രീയനേതാക്കളുടെ മൗനം നാണക്കേടെന്നു കെസിവൈഎം
മുനമ്പം: വഖഫ് അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനന്പത്തെ ജനങ്ങളുടെ വിഷയത്തില്‍ സ്വാര്‍ത്ഥ താത്പര്യ സംരക്ഷണത്തിനായി മൗനം പാലിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ കേരളത്തിനു നാണക്കേടെന്ന് കെസിവൈഎം സംസ്ഥാന സമിതി.
വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലിരിക്കെ മുനമ്പത്തെ ജനങ്ങള്‍ക്കു വഖഫ് നിയമങ്ങളുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം സംശയം ജനിപ്പിക്കുന്നതാണ്.
ആയുസിലെ സമ്പാദ്യം മുഴുവന്കൊണ്ടു സ്വന്തമാക്കിയ ഭൂമിയില്‍ ഒരു അവകാശമില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ലെന്നും കെസിവൈഎം വ്യക്തമാക്കി.
മുനമ്പം നിവാസികള്‍ നടത്തുന്ന നിരാഹാര സമരവേദിയില്‍ കെസിവൈഎം സംസ്ഥാന നേതാക്കളെത്തി ഐക്യദാര്‍ഢ്യമറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ജനറല്‍ സെക്രട്ടറി ഷാലിന്‍ ജോസഫ്, ഫാ. നോയല്‍ കുരിശിങ്കല്‍, അനു ഫ്രാന്‍സിസ്, ഷിബിന്‍ ഷാജി, ഡിബിന്‍ ഡോമിനിക്, മരീറ്റ തോമസ്, എം.എസ്. മെറിന്, അഗസ്റ്റിന് ജോണ്‍, ജിഷാദ് ജോസ്, ജെന്സണ് ആല്ബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.