പരോൾ പുനഃസ്ഥാപിക്കാൻ നിർദേശിക്കാനാകില്ല: മനുഷ്യാവകാശ കമ്മീഷൻ
Saturday, November 2, 2024 1:14 AM IST
കണ്ണൂർ: പരോൾ അനുവദിക്കാനും റദ്ദാക്കാനുമുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണെന്നും അതിൽ ഇടപെടാനോ നിയമം അനുശാസിക്കുന്ന ഒരു കാര്യത്തിൽ സർക്കാരിനോട് ശിപാർശ ചെയ്യാനോ മനുഷ്യാവകാശ കമ്മീഷന് കഴിയില്ലെന്നും ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
മയക്കുമരുന്ന് നിരോധന നിയമപ്രകാരം തടവിലായവർക്ക് പരോൾ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി.10 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാളാണ് പരാതിക്കാരനെന്നും വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എൻഡിപിഎസ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാർക്ക് അടിയന്തര അവധിയും സാധാരണ അവധിയും നിർത്തലാക്കിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തന്റെ പിതാവ് രോഗബാധിതനായി ആശുപത്രിയിലാണെന്നും കാണാൻ പരോൾ അനുവദിക്കണമെന്നുമായിരുന്നു പരാതിക്കാരന്റെ അപേക്ഷ.