കേസുകള്‍ പിന്‍വലിക്കല്‍: ഗൗരവം മനസിലാക്കി വേണം തീരുമാനമെന്ന് ഹൈക്കോടതി
Saturday, November 2, 2024 1:14 AM IST
കൊച്ചി: കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനു പകരം പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കി തീരുമാനമെടുക്കണമെന്നു ഹൈക്കോടതി.
ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 321 കോടതി അനുമതിയോടെ കേസുകള്‍ പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍മാരെ അനുവദിക്കുന്നുണ്ടെങ്കിലും ഒരു കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുമ്പോള്‍ തെളിവുകള്‍ സ്വതന്ത്രമായി വിലയിരുത്തണമെന്ന് ജസ്റ്റീസ് കെ. ബാബു വ്യക്തമാക്കി.
പ്രോസിക്യൂട്ടര്‍മാര്‍ കേവലം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കായുള്ള ചാനലുകളായി പ്രവര്‍ത്തിക്കരുത്. കേസ് പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് അതു പൊതുതാത്പര്യവുമായി പൊരുത്തപ്പെടുമോയെന്നു പരിശോധിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു.
കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ അതില്‍ തീരുമാനമെടുക്കുമ്പോള്‍ കേസ് സംബന്ധിച്ചു മനസിരുത്തി പഠനം നടത്തണം. പ്രസക്തമായ എല്ലാ കാര്യങ്ങളും പരിഗണിച്ചു വേണം തീരുമാനമെടുക്കാന്‍ -കോടതി പറഞ്ഞു.
പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി.വി.നിര്‍മലയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതിനു പ്രതിയായ മുഹമ്മദ് അഷ്റഫിനെതിരേ കേസെടുത്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 353 (ഒരു പൊതുപ്രവര്‍ത്തകനെ ഡ്യൂട്ടിയില്‍നിന്നു പിന്തിരിപ്പിക്കുന്നതിനുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), സെക്ഷന്‍ 354 (ആക്രമണമോ ക്രിമിനല്‍ ബലപ്രയോഗമോ), സെക്ഷന്‍ 506 എന്നിവ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.
പിന്നീട് കേസില്‍നിന്നു പിന്മാറാന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ സിആര്‍പിസി സെക്ഷന്‍ 321 പ്രകാരം വിചാരണക്കോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ മജിസ്ട്രേറ്റ് ഈ അപേക്ഷ നിരസിച്ചു.
തനിക്കെതിരായ കേസിലെ നടപടികള്‍ ഒഴിവാക്കുന്നത് വിചാരണക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്തു പ്രതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബാഹ്യഘടകങ്ങള്‍ സ്വാധീനിച്ചതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസ് പൂര്‍ണമായി അവലോകനം ചെയ്യാതെയാണു പ്രോസിക്യൂട്ടര്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ ഗൗരവവും പൊതുതാത്പര്യവും പരിഗണിച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയും മൂന്നു മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.