മാർ തോമസ് തറയിലിന് ആശംസകൾ, മാർ ജോസഫ് പെരുന്തോട്ടത്തിനു നന്ദി: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
Friday, November 1, 2024 2:21 AM IST
തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപത അധ്യക്ഷനായി ചുമതലയേറ്റ മാർ തോമസ് തറയിലിന് ആശംസകൾ നേർന്നും ഒന്നര ദശാബ്ദത്തിലേറെ അതിരൂപതയെ വിജയകരമായി നയിച്ച മാർ ജോസഫ് പെരുന്തോട്ടത്തിനു നന്ദി അറിയിച്ചും രാഷ്ട്രദീപിക ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ്.
നാലു ലക്ഷത്തിലേറെ വിശ്വാസികളുള്ള ചങ്ങനാശേരി അതിരൂപതയുടെ അമരക്കാരനായി എത്തുന്ന മാർ തോമസ് തറയിലിന്റെ ആത്മീയചൈതന്യവും നേതൃപാടവവും ഊർജസ്വലതയും സഭയ്ക്കും സമുദായത്തിനും മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാനും അവസരങ്ങളെ മുതൽക്കൂട്ടാക്കാനും അദ്ദേഹത്തിന്റെ നേതൃത്വം അതിരൂപതയെ സഹായിക്കും. യുവാക്കൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യതയും സ്വാധീനവും പുതിയ തലമുറയെ വിശ്വാസവഴിയിൽ ഉറപ്പിച്ചു നിർത്താൻ സഹായിക്കും. സഹായമെത്രാൻ എന്ന നിലയിൽ കഴിഞ്ഞ ഏഴു വർഷം അദ്ദേഹം സഭയ്ക്കും അതിരൂപതയ്ക്കും പ്രത്യേകിച്ചു തെക്കൻ മേഖലയ്ക്കും നൽകിയ ഉണർവും ആത്മീയചെതന്യവും എടുത്തു പറയേണ്ടതാണ്.
അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ ദീപികയ്ക്കു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. അപ്പക്സ് ബോർഡ് സെക്രട്ടറി എന്ന നിലയിൽ മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ കാലങ്ങളിൽ നൽകിയ സംഭാവനകൾ ദീപികയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ഉറച്ച നിലപാടുകളും ദീപികയ്ക്ക് എന്നും കരുത്തായിരുന്നുവെന്നും ഡോ. ഫ്രാൻസീസ് ക്ലീറ്റസ് പറഞ്ഞു.