വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസഹായം: കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
Saturday, November 2, 2024 1:14 AM IST
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനായി ലഭിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പുനഃപരിശോധിച്ച് കേരളത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.
തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം നൽകിയ അതേ പരിഗണന വിഴിഞ്ഞത്തിനും ഉണ്ടാകണം.പൊതു സ്വകാര്യ സംയുക്ത സംരംഭ വ്യവസ്ഥയിൽ രാജ്യത്ത് ആദ്യമായി വിജിഎഫ് ഗ്രാന്റ് അനുവദിച്ചുകിട്ടിയത് വിഴിഞ്ഞം തുറമുഖത്തിനാണ്.
അതാത് സമയത്തെ രൂപയുടെ വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രാന്റ് സംസ്ഥാന സർക്കാർ തിരികെ അടയ്ക്കണമെന്നതായിരുന്നു വ്യവസ്ഥ. പദ്ധതിക്കായി ആകെ വേണ്ടിവരുന്ന 8867 കോടിയിൽ 5595 കോടി സംസ്ഥാന സർക്കാർ നിക്ഷേപം നടത്തുന്നുണ്ട്.
പരിമിത സാന്പത്തിക സ്രോതസുള്ള കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പരിഗണിക്കുന്പോഴാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കാട്ടിയ പ്രത്യേക താത്പര്യം ബോധ്യപ്പെടുക.
എൻപിവി പ്രകാരം 817.80 കോടി രൂപയുടെ തിരിച്ചടവ് നടത്തുന്നതിലൂടെ സംസ്ഥാന ഖജനാവിന് 10,000 മുതൽ 12,000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. അതിനാലാണ് വിജിഎഫ് തിരിച്ചടവിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ സഹായം തേടുന്നതെന്നും കത്തിൽ പറയുന്നു.