കനല്‍വഴികള്‍ താണ്ടിയ തോമസ് പ്രഥമന്‍ ബാവ
Friday, November 1, 2024 2:21 AM IST
റോബിന് ഏബ്രഹാം ജോസഫ്
കോട്ടയം: കനല്‍വഴികള്‍ താണ്ടിയ ജീവിതമാണ് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടേത്. അറസ്റ്റുകള്‍, പോലീസ് മര്‍ദനങ്ങള്‍, ജയില്‍വാസം ഇവയ്ക്കൊന്നും ഒരുകാലത്തും ബാവയെ തളര്‍ത്താനായിട്ടില്ല. 650ലധികം കേസുകളില്‍ പ്രതിയായ ബാവ, വാദിയായി ഒരു കേസുപോലും ഇല്ലെന്നുള്ളതാണ് വസ്തുത.
സഭയുടെ നിലനിൽപിനും വളര്‍ച്ചയ്ക്കുമുള്ള നിരന്തര പോരാട്ടമാണു ശ്രേഷ്ഠ ബാവയുടെ സമരജീവിതം. സമരങ്ങള്‍, അറസ്റ്റുകള്‍, നിരോധനങ്ങള്‍, കേസുകള്‍, അപമാനം തീര്‍ത്ത ചക്രവ്യൂഹത്തില്‍ നിശ്ചയദാര്ഢവും വിശ്വാസസ്ഥിരതയും മുറുകെപിടിച്ചു പോരാടിയതിന്റെ ബാക്കിപത്രമാണ് ഇന്നത്തെ സഭ. എറണാകുളത്തെ പഴന്തോട്ടം സെന്റ് മേരീസ് പള്ളി സമരവും ആലുവയിലെ സഹനസമരവും കോലഞ്ചേരി, പിറവം, പോത്താനിക്കാട് വിശ്വാസ പോരാട്ടങ്ങളിലൊക്കെയും ബാവ മുന്നില്‍തന്നെ ഉണ്ടായിരുന്നു.
അടിച്ചമര്‍ത്താനും വിശ്വാസികളെ ക്രൂരമായി മര്‍ദിച്ച് ഇല്ലായ്മ ചെയ്യുവാനുമുള്ള ഭരണഘടന താത്പര്യങ്ങള്‍ക്കു മുന്പില് ബാവ ഒന്നാമനായി ഇറങ്ങി. 1977 നവംബര്‍ 25ലെ ആലുവ തൃക്കുന്നത്ത് സെന്റ്് മേരീസ് പള്ളിയിലെ സമരം ചരിത്രത്തിന്റെ ഭാഗമായിരുന്നു. ദീര്‍ഘകാലം പള്ളി ട്രസ്റ്റിയായിരുന്ന തേനുങ്കല്‍ പൈലിയുടെ മൃതശരീരം പള്ളിസെമിത്തേരിയില്‍ അടക്കുന്നതു തടഞ്ഞപ്പോഴാണു സമരം പൊട്ടിപ്പുറപ്പെട്ടത്.
ഇടവക മെത്രാപ്പോലീത്ത ആയിരുന്ന ബാവ പോലീസ് സ്റ്റേഷനു മുന്‍വശം നടുറോഡില്‍ അന്ത്യകര്‍മങ്ങള്‍ നടത്തിയിട്ടായിരുന്നു പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്തത്. ഡിസംബര്‍ നാലിനു വിശ്വാസികള്‍ക്കൊപ്പം പള്ളിയില്‍ പ്രവേശിക്കുമെന്ന് മെത്രാപ്പോലീത്ത പ്രഖ്യാപിച്ചതിനെ തുടര്‍ന്നു തലേന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിസംബര്‍ നാലിന് സെന്റ് മേരീസ് പള്ളിയില്‍നിന്നും പുറപ്പെട്ട ജാഥയെ പോലീസ് തടഞ്ഞു. 93 വൈദികരും 83 സ്ത്രീകളും 84 പുരുഷന്മാരും അന്ന് അറസ്റ്റിലായി.
ഡിസംബര്‍ അഞ്ചിനു നാടകീയമായി നിരോധനാജ്ഞ പിന്‍വലിച്ചു. തുടര്‍ന്ന് ഇരുനൂറിലേറെ വിശ്വാസികള്‍ അറസ്റ്റിലായി. പള്ളിയിലെത്തിയ ദീവന്നാസിയോസ് തിരുമേനിയെയും ഒപ്പമുള്ളവരെയും പോലീസ് ക്രൂരമായി മര്‍ദിച്ചു. കൈവിലങ്ങോടെ തിരുമേനിയെ പോലീസ് സ്റ്റേഷനില്‍ ഇരുത്തി. പ്രതിഷേധവുമായി സ്റ്റേഷന് പരിസരത്ത് തടിച്ചുകൂടിയ വിശ്വാസികളെ പോലീസ് വീണ്ടും അതിക്രൂരമായി മര്‍ദിച്ചു.
പ്രതിഷേധവുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികള്‍ കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് നീങ്ങി. പമ്പുകവലവരെ മാത്രം നടത്താനിരുന്ന ജാഥയുടെ മുന്‍ഭാഗം ആലുവാ പോസ്റ്റ്ഓഫീസ് ഭാഗത്തെത്തിയപ്പോള്‍ മുന്നറിയിപ്പില്ലാതെ പാഞ്ഞെത്തിയ പോലീസ് അക്രമം അഴിച്ചുവിട്ടു. തിരുമേനിയെയും കൂടെയുള്ളവരെയും എറണാകുളം മജിസ്ട്രറ്റ് മുമ്പാകെ രാത്രിതന്നെ ഹാജരാക്കി ജയിലില്‍ റിമാന്‍ഡ് ചെയ്തു. തിരുമേനി ജയിലില്‍ നിരാഹാരയജ്ഞം ആരംഭിച്ചു. ആരോഗ്യം വഷളായി.
ആശുപത്രിയിലും തിരുമേനി സമരം തുടര്‍ന്നു. 44 ദിവസങ്ങള്‍ക്കു ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഇത്തരത്തിൽ സഭയ്ക്കും വിശ്വാസിസമൂഹത്തിനും വേണ്ടി അടിയുറച്ചു നിന്ന ബാവ വിടപറയുമ്പോൾ നഷ്ടമാകുന്നത് സഭയുടെ നായകനെക്കൂടിയാണ്.