കർദിനാൾ മാർ ആലഞ്ചേരി അനുശോചിച്ചു
Friday, November 1, 2024 2:21 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠബാവ ബസേലിയോസ് തോമസ് പ്രഥമന്റെ വിയോഗത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു.
സഭയിലെ പ്രതിസന്ധികളുടെ കാലത്ത് ധീരമായ ചുവടുവയ്പുകൾ നടത്തി വിശ്വാസികളെ നയിക്കാൻ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. കത്തോലിക്കാസഭയോടും പ്രത്യേകിച്ച് എറണാകുളം പ്രദേശത്തുള്ള രൂപതകളോടും ഭദ്രാസനങ്ങളോടും അദ്ദേഹത്തിന് വലിയ സൗഹൃദമുണ്ടായിരുന്നു.
വ്യക്തിപരമായി അദ്ദേഹവുമായി ചേർന്ന് പല സുവിശേഷസംരംഭങ്ങളിലും പങ്കുചേരാൻ എനിക്കു സാധിച്ചിട്ടുണ്ട്. ശ്രേഷ്ഠബാവായുടെ പ്രാർഥനാനിഷ്ഠയും ഉപവാസശൈലിയും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. സഭയിലെ പിതാക്കന്മാരോടും വൈദികഗണത്തോടും അല്മായസമൂഹത്തോടും വലിയ സ്നേഹവും വാത്സല്യവുമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്.
അതുതന്നെയാണ് യാക്കോബായ സുറിയാനിസഭയെ പരിപോഷിപ്പിച്ചു കൂട്ടായ്മയിൽ നിലനിർത്താൻ ബാവയെ പ്രാപ്തനാക്കിയത്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിക്കുന്നതായും മാർ ആലഞ്ചേരി പറഞ്ഞു.