ഓര്‍മയാകുന്നത് സഭയുടെ നവയുഗ ശില്പി
Saturday, November 2, 2024 1:14 AM IST
ബിബി ഏബ്രഹാം കടവുംഭാഗം
(യാക്കോബായ സുറിയാനി സഭ സമുദായപത്രി ചീഫ് എഡിറ്റർ)
ആധുനിക യാക്കോബായ സുറിയാനി സഭയുടെ ശില്പിയാണ് നമ്മളില്‍നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. കാലത്തിനു മുമ്പേ നടന്ന ധിഷണാ ശാലിയായിരുന്നു ബാവ.
ദൈവം തന്ന ഒരു മനുഷ്യായുസുകൊണ്ട് മൂന്ന് മനുഷ്യായുസില്‍ ചെയ്യാവുന്നതില്‍ അധികം പ്രവര്‍ത്തിക്കാന്‍ ബാവയ്ക്ക് സാധിച്ചു. ശൂന്യതയില്‍നിന്ന് ബാവ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. പൂജ്യത്തില്‍നിന്നാണു പരിശുദ്ധ സഭയെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയത്.
ആധുനിക സഭയുടെ യാക്കോബ് ബുര്‍ദ്ദാന എന്ന വിശേഷണത്തിനു നൂറ് ശതമാനം യോജിച്ചതായിരുന്നു ആ ജീവിതം. സഭയുടെ നിലനില്പിന് ബാവ നടത്തിയ പോരാട്ടങ്ങള്‍, സഹിച്ച ത്യാഗങ്ങള്‍ - അറസ്റ്റ്, പോലീസ് മര്‍ദ്ദനം, ജയില്‍വാസം എല്ലാം ഭാരതത്തിലെ ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്തതാണ്. ദൈവാശ്രയം മാത്രമായിരുന്നു ബാവയുടെ കൈമുതല്‍.
ദൈവത്തിലുള്ള കീഴ്പ്പെടലല്ലാതെ യാതൊന്നും ബാവയെ ഭയപ്പെടുത്തിയില്ല. ആര്‍ക്കും ബാവായുടെ ആത്മവിശ്വാസത്തെയും ഇച്ഛാശക്തിയെയും തകര്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനിന്നു ശക്തമായി പോരാടി. സഭയുടെ വളര്‍ച്ചയും നിലനില്‍പ്പും മാത്രമായിരുന്നു ലക്ഷ്യം.
മികച്ച സുവിശേഷപ്രഭാഷകനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നു കൈമുതല്‍ എങ്കിലും ഗുരുകുലങ്ങളില്‍നിന്ന് ലഭിച്ച അറിവും ജീവിത അനുഭവങ്ങളുമായിരുന്നു ബാവയുടെ ജീവിതത്തിന്റെ മുഖമുദ്ര. ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും കൊണ്ട് അദ്ദേഹം സഭയെ പടുത്തുയര്‍ത്തി.
കോലഞ്ചേരി മെഡിക്കല്‍ കോളജ്, സഭാ ആസ്ഥാനമായ പാത്രിയര്‍ക്കാ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോണ്‍വെന്റുകള്‍, വൈദിക സെമിനാരിയുടെ വികസനം, കണ്വന്ഷന് സെന്റര്‍, സഭ ഭരണഘടന, കൗണ്‍സലിംഗ് സെന്ററുകള്‍, ധ്യാനകേന്ദ്രങ്ങള്‍ അങ്ങനെ പോകുന്നു നീണ്ടനിര.
സഭയുടെ ആത്മീയ പ്രസ്ഥാനമായ സണ്‍ഡേസ്കൂളിന്റെ വളര്‍ച്ച, ഹെഡ് ഓഫീസ്, ഭരണഘടന, സ്ത്രീസമാജത്തിനു പുതിയ ആസ്ഥാനം, സ്വദേശത്തും വിദേശത്തുമുള്ള സഭാമക്കള്‍ക്ക് ബൈബിള്‍ പഠനത്തിനുവേണ്ടി ബിബ്ലിക്കല്‍ അക്കാഡമി, മാര്‍ ഗ്രി ഗോറിയോസ് വിദ്യാര്‍ഥി പ്രസ്ഥാനം, കേഫാ, യൂത്ത് അസോസിയേഷന്, എല്‍ഡേഴ്സ് ഫോറം എന്നിങ്ങനെ ബാവായുടെ ചിന്തയിലും ആശയത്തിലും ഉദിച്ച്, വളര്‍ന്നു പന്തലിച്ച പ്രസ്ഥാനങ്ങള്‍ പലതാണ്.
മാരാമണ്‍ കണ്വന്ഷന് പോലെ ഒരു വിശ്വാസ സംഗമം സഭയ്ക്ക് ഉണ്ടാകണമെന്ന് ബാവായുടെ ആഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു ഇന്ന് സഭയാകെ അറിയപ്പെടുന്ന പുത്തന്‍കുരിശ് കണ്വന്ഷന്.
ബാവായ്ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടായിരുന്നെങ്കിലും സഭയ്ക്ക് പ്രയോജനപ്പെടുന്ന രാഷ്ട്രീയമായിരുന്നു ബാവയുടെ രാഷ്ട്രീയം. ബാല്യകാലത്തെ രോഗാവസ്ഥയെ തുടര്‍ന്ന് കൂടുതല്‍ വിദ്യാഭ്യാസം നേടാന്‍ ബാവായ്ക്ക് സാധിച്ചില്ല. ബാവ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി.
അടിമുടി കര്‍മനിരതമായ അജപാലനദൗത്യത്തിലെ അനന്യമായ ആത്മവിശുദ്ധിയെ, തളരാത്ത തകര്‍ക്കാനാവാത്ത അനന്തമായ ആത്മവിശ്വാസത്തെ, കാര്‍ക്കശ്യമുളള വിശ്വാസസ്ഥിരതയെ, ധ്യാനവും പ്രാര്‍ഥനയും ദൈവാശ്രയത്വവും ഇഴപാകിയ ലളിതജീവിതത്തെ, ഇടയസമാനമായ സ്നേഹസമ്പന്നതയെ, വ്യക്തിബന്ധങ്ങളിലെ വിനയാന്വിത നൈരന്തര്യത്തെയാണ് ലോകം ശ്രേഷ്ഠബാവ എന്നു വിളിക്കുന്നത്. ദൈവത്തിന്റെ മഹാപുരോഹിതാ, സമാധാനത്തോടെ പോകുക.