മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സമ്പൂര്‍ണ സ്ട്രോക്ക് ചികിത്സാകേന്ദ്രം ആരംഭിച്ചു
Saturday, November 2, 2024 1:14 AM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂര്‍ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.ചികിത്സാ രംഗത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞാണ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സമ്പൂര്‍ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നു ബിഷപ് പറഞ്ഞു.
ചികിത്സാ രംഗത്തെ നൂതന പ്രവണതകളിലൂടെ കേരളത്തിലെ ഒന്നാം നിരയിലേക്ക്എത്താന് മാര്‍ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാണി സി.കാപ്പന് എംഎല്‍എ പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍, ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അരുണ്‍ ജോര്‍ജ് തറയാനില്‍, ന്യൂറോസര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം.കെ. സരീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്ട്രോക്ക് മാനേജ്മെന്റിനു പ്രത്യേകം സംവിധാനമുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോളജി, ന്യൂറോ സര്‍ജറി ആന്‍ഡ് സ്പൈന്‍ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഇന്റർവെന്‍ഷണല്‍ ന്യൂറോ റേഡിയോളജി എന്നീ വിഭാഗങ്ങളെ ഏകോപിച്ചാണ് സമ്പൂര്‍ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. 16 വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സ്ട്രോക്ക് ടീമാണ് ഈ കേന്ദ്രത്തിന്റെ പ്രത്യേകത.
എല്ലാ ദിവസവും 24 മണിക്കൂറും ത്രോംബോളിസിസ് ആന്‍ഡ് എന്‍ഡോവാസ്കുലര്‍ സേവനം, റാപിഡ് സ്ട്രോക്ക് മാനേജ്മെന്റ് ടീം, സി.ടി, എംആര്‍ഐ, കാത്ത് ലാബ് സൗകര്യം, സ്ട്രോക്ക് ഐസിയു തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാണ്. സ്ട്രോക്ക് കെയര്‍ നഴ്സിംഗും പ്രത്യേകതയാണ്.