കോതമംഗലം മുതൽ പുത്തൻകുരിശു വരെ "അവസാന സ്നേഹയാത്ര'
Saturday, November 2, 2024 1:14 AM IST
കൊച്ചി: യാക്കോബായ സഭയുടെ ചരിത്രവും അഭിമാനപൈതൃകവുമുറങ്ങുന്ന കോതമംഗലത്തിന്റെ മണ്ണിൽനിന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന് കാതോലിക്ക ബാവയെ വഹിച്ച പ്രത്യേക വാഹനം യാത്ര തുടങ്ങുന്പോൾ, ചുറ്റും കൂടിയിരുന്ന നൂറുകണക്കിന് വിശ്വാസികളുടെ കണ്ണുകൾ ഈറനണിയുന്നതു കാണാമായിരുന്നു.
ജനസഹസ്രങ്ങളുടെ അന്തിമാഭിവാദ്യം ഏറ്റുവാങ്ങി ബാവയുടെ ഭൗതികദേഹം വഹിച്ച പ്രത്യേക വാഹനം നീങ്ങിയതു സഭയുടെ ആസ്ഥാനമായ പുത്തൻകുരിശിലെ പാത്രിയർക്കാ സെന്റർ ലക്ഷ്യമാക്കി.
പലവട്ടം കോതമംഗലം മുതൽ പുത്തൻകുരിശ് വരെ കാറിൽ യാത്ര ചെയ്തിട്ടുള്ള ബാവ, അതേ വഴിയിലൂടെ നിശബ്ദനായി അവസാന യാത്ര നടത്തിയപ്പോൾ ഇരുവശങ്ങളിലും നിറമിഴികളും കൂപ്പിയ കരങ്ങളുമായി കാത്തുനിന്നത് ആയിരങ്ങൾ.
യാത്രയിൽ ശ്രേഷ്ഠബാവ ദീർഘകാലം താമസിച്ചിരുന്ന മാതിരപ്പിള്ളി കാതോലിക്കേറ്റ് അരമനയിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം അവസാനമായി എത്തിച്ചു.
തുടർന്ന് കാരക്കുന്നം സെന്റ് മേരീസ് വലിയപള്ളി, കടാതി സെന്റ് പീറ്റേഴ്സ് പള്ളി, മേക്കടന്പ് മാർ ഇഗ്നാത്തിയോസ് പള്ളി, റാക്കാട് സെന്റ് മേരീസ് വലിയപള്ളി, കടമറ്റം സെന്റ് ജോർജ് പള്ളി, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി, മലേക്കുരിശ് ദയറാ കവാടം, ചൂണ്ടി കവല എന്നിവിടങ്ങളിൽ ഭൗതികദേഹം വഹിച്ച വാഹനം നിർത്തി.
ഇവിടെയെല്ലാം വൈദികരുൾപ്പടെ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. വിലാപയാത്രയിൽ നൂറുകണക്കിനു സഭാവിശ്വാസികൾ അനുഗമിച്ചു. റോഡിന്റെ ഇരുവശങ്ങളിലും ബാവയുടെ ഭൗതികദേഹം കാണുന്നതിന് നിരവധി പേർ കാത്തുനിന്നു.
കാവുംതാഴം മുതൽ പുത്തൻ കുരിശ് വരെ പ്രത്യേക അകന്പടി വാഹനങ്ങളും കൊടികളും കുരിശുകളും ഭൗതികദേഹം വഹിച്ച വാഹനത്തിനു മുന്നിലുണ്ടായിരുന്നു. അനൗൺസ്മെന്റ്, പൈലറ്റ് വാഹനങ്ങൾ, ഗായക സംഘം, മരക്കുരിശ്, കറുത്ത കൊടികൾ, മുത്തുക്കുടകൾ, കറുത്ത വസ്ത്രങ്ങൾ ധരിച്ച വൈദികർ, പൊൻ വെള്ളിക്കുരിശുകൾ, മെത്രാപ്പോലീത്തമാർ, സഭാസ്ഥാനികൾ എന്ന ക്രമത്തിലായിരുന്നു ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിനു മുന്നിലെ അകന്പടി. പിന്നാലെ ബാവ ഉപയോഗിച്ചിരുന്ന കാറും വിശ്വാസികളും മറ്റുള്ള വാഹനങ്ങളും അനുഗമിച്ചു.
പൊതുദർശനവും കബറടക്ക ശുശ്രൂഷകളും നടക്കുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ എത്തുന്പോൾ രാത്രി വൈകി. ഈ സമയം ബാവയെ ഒരുനോക്കു കാണാൻ വൻ ജനാവലി ഇവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.