പകരം വയ്ക്കാനില്ലാത്ത ആത്മീയാചാര്യൻ
Friday, November 1, 2024 2:21 AM IST
സിജോ പൈനാടത്ത്
കൊച്ചി: സൗമ്യം, തീക്ഷ്ണം, കർമനിരതം... യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ജീവിതത്തെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ കുറിക്കാം.
സഭയുടെ ശ്രേഷ്ഠാചാര്യനെന്ന വലിയ നിയോഗം, ദൈവാശ്രയവും അനുഭവസന്പത്തും കർമോത്സുകതയുംകൊണ്ടു സ്വന്തമാക്കിയ പൊതുസ്വീകാര്യതയും കൈമുതലാക്കി തീക്ഷ്ണതയോടെ നിർവഹിക്കുന്പോഴും വാക്കിലും പ്രവൃത്തിയിലും സൗമ്യത കാത്തുസൂക്ഷിച്ചൊരു വലിയ ഇടയനാണ് വിട പറഞ്ഞകലുന്നത്.
യാക്കോബായ സഭയ്ക്കു സംഘടിതമായ സ്വഭാവം കെട്ടിപ്പടുത്ത് പൊതുസമൂഹത്തിൽ അഭിമാനത്തോടെ മുന്നോട്ടുനീങ്ങാൻ വിയർപ്പൊഴുക്കിയ ആചാര്യനെന്ന നിലയിൽ വിശ്വാസിസമൂഹം ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ യുഗപുരുഷനെന്നു വിളിക്കും.
മഹത്തായ ചരിത്രത്തിലും മഹിതപൈതൃകത്തിലും വേരൂന്നിയ സഭയെ ഇന്നു കാണുന്ന വളർച്ചയുടെ ആകാശങ്ങളിലേക്കു കൈപിടിച്ചുയർത്തിയ ബാവയുടെ വിയോഗം യാക്കോബായ സമൂഹത്തെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തുക. അക്ഷരാർഥത്തിൽ സഭയ്ക്കു പുതിയ കാലത്ത് അനിവാര്യമായ ഊർജം പകർന്ന തങ്ങളുടെ വലിയ കാരണവരെയാണു നഷ്ടമായത്.
30 വർഷം മുന്‍പ് പത്തിൽ താഴെ മെത്രാപ്പോലീത്തമാരും പുരോഹിതരും മാത്രമുണ്ടായിരുന്ന സഭയെ ദീർഘവീക്ഷണത്തോടെ നയിക്കാനുള്ള നിയോഗമായിരുന്നു ബാവ ഏറ്റെടുത്തത്. ഇന്നു മുപ്പതിലേറെ മെത്രാപ്പോലീത്തമാർ, സഭയ്ക്ക് അഭിമാനിക്കാവുന്ന തലയെടുപ്പുള്ള ആസ്ഥാനമന്ദിരം, ആയിരക്കണക്കിനു പള്ളികൾ, മികച്ച വിദ്യാലയങ്ങൾ, സെമിനാരി, വിവിധ മേഖലകളിലെ ശുശ്രൂഷകൾക്കായി അനേകം സഭാസ്ഥാപനങ്ങൾ... സഭാവളർച്ചയുടെ പടവുകളിൽ ബാവയുടെ കൈയൊപ്പുകൾ ഇനിയുമുണ്ട്...
പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായിയുടെയും കോലഞ്ചേരി കല്ലിങ്കല്‍ കുഞ്ഞാമ്മയുടെയും എട്ടു മക്കളില്‍ ആറാമനായി ജനിച്ച ബാവയുടെ പ്രാഥമിക വിദ്യാഭ്യാസം രോഗങ്ങളിൽപ്പെട്ട് പാതിവഴിയിൽ മുടങ്ങി. ശേഷം, തപാല്‍ വകുപ്പില്‍ അഞ്ചലോട്ടക്കാരനായി ജോലി. സഭാശുശ്രൂഷകളിൽ ആഭിമുഖ്യം തോന്നിയ ആ നല്ല ജീവിതത്തിൽ പിന്നീട് യാക്കോബായ സഭ ദർശിച്ചത് തീക്ഷ്ണതയുള്ള വൈദികവിദ്യാർഥിയുടെ, കഠിനാധ്വാനിയായ വൈദികന്റെ, ചൈതന്യമുള്ള മിഷനറിയുടെ, ദീർഘദർശിയായ ആത്മീയാചാര്യന്റെയെല്ലാം സ്നേഹ ശുശ്രൂഷകളുടെ മഹിതമായ അധ്യായങ്ങൾ.
സഭയുടെ ആചാര്യനെന്ന നിലയിലുള്ള സേവനകാലം പോരാട്ടങ്ങളുടേതുകൂടിയായിരുന്നു. സഭയുടെ അവകാശങ്ങൾക്കും നീതി ലഭിക്കുന്നതിനുമായി നടത്തിയ നിയമ, സമര പോരാട്ടങ്ങൾ. എത്രയോ വട്ടം അറസ്റ്റ് വരിച്ചു.
സഭയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ പേരിൽ നൂറുകണക്കിന് കേസുകളിൽ പ്രതിചേർക്കപ്പെട്ടപ്പോഴും പീഡിപ്പിക്കപ്പെട്ടപ്പോഴും തളരാത്ത പോരാട്ടവീര്യത്തിന്റെ നേതൃസാക്ഷ്യമായിരുന്നു ബാവ. നിയമസംവിധാനങ്ങളും സർക്കാരുകളും പലപ്പോഴും എതിരെന്നു തോന്നിയപ്പോഴും, സഭയും വിശ്വാസികളും ഉറച്ചുനിന്നത്, ബാവയുടെ വിശ്വാസ തീക്ഷ്ണതയിൽ അടിയുറച്ച അതുല്യമായ പോരാട്ടവീര്യത്തിന്റെ ഊർജത്തിലായിരുന്നു.
പുത്തൻകുരിശിലും കേരളമാകെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും യാക്കോബായ സഭാവിശ്വാസികൾ ഇന്നലെ സായാഹ്നത്തിൽ ഉള്ളിൽ ചൊല്ലിയ ജപങ്ങളിൽ ഇതുമുണ്ടായിരുന്നു:
“ഞങ്ങളെ ഞങ്ങളാക്കിയ ഞങ്ങളുടെ പരിശുദ്ധ ബാവ മരിക്കുന്നില്ല, എന്നും ജീവിക്കും..’’