കഠിനാധ്വാനിയായ അമരക്കാരൻ
Friday, November 1, 2024 2:21 AM IST
കൊച്ചി: യാക്കോബായ സഭയ്ക്ക് ആധുനികകാലത്ത് ഊടും പാവും പകർന്ന പകരക്കാരനില്ലാത്ത അമരക്കാരനാണു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. അദ്ദേഹത്തിന്റെ കഠിനാധ്വാനംകൊണ്ടുമാത്രം ഉണ്ടായ സഭയുടെ ഭൗതികമായ സൗകര്യങ്ങളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നിരവധിയാണ്.
ആധുനികസൗകര്യങ്ങളിലും വിസ്തൃതിയിലും മികച്ചു നില്ക്കുന്ന പുത്തന്‍കുരിശിലെ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്ക സെന്റര്‍, മാര്‍ അത്തനേഷ്യസ് കത്തീഡ്രല്‍, സെന്റ് മേരീസ് കണ്വന്ഷന് സെന്റര്‍ എന്നിവ ബാവയുടെ ആശയാവിഷ്കാരമാണ്.
നാട്ടില്‍ നിരവധി പള്ളികള്‍ക്കും വിദേശങ്ങളില്‍ കോണ്‍ഗ്രിഗേഷനുകള്‍ക്കും രൂപം നല്കി. ഭാരതത്തിലുടനീളം സഞ്ചരിച്ച് ആരാധനാലയങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അമ്പതില്‍പ്പരം പള്ളികളും ചാപ്പലുകളും സ്ഥാപിച്ചു. വിദേശത്തെ കോണ്‍ഗ്രിഗേഷനുകള്‍ പിന്നീട് ഭദ്രാസനങ്ങളായി മാറി.
പല പള്ളികളുടെയും നിർമാണത്തിൽ തൊഴിലാളികൾക്കൊപ്പം നിന്നു പണിയെടുക്കുന്ന തോമസച്ചനെന്ന ഇന്നത്തെ ശ്രേഷ്ഠ ബാവയെ വിശ്വാസികൾക്കു മറക്കാനാകില്ല. ആദ്യം വികാരിയായെത്തിയ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി പുതുക്കിപ്പണിയാൻ ഫാ. തോമസിന്റെ നേതൃത്വത്തിൽ നടത്തിയ കഠിനാധ്വാനത്തിന്റെ കഥകൾ പുത്തൻകുരിശുകാർ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.
തൊഴിലാളികള്‍ക്കൊപ്പം പകലന്തിയോളം കല്ലും മണ്ണും ചുമന്ന തോമസച്ചന്റെ കഠിനാധ്വാനത്തിന്റെ കഥകളും പ്രസിദ്ധം. വെള്ളത്തൂവല്‍, കീഴ്മുറി, വലമ്പൂര്‍ പള്ളികളില്‍ ഒരേസമയം വികാരിയായിരുന്ന അദ്ദേഹം, ഫോര്‍ട്ട് കൊച്ചി, കോൽക്കത്ത, തൃശൂർ, ചെമ്പൂക്കാവ്, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളിലും അജപാലകനായി.
ഇടവക ഭരണത്തിനൊപ്പം സുവിശേഷ പ്രസംഗങ്ങളിലും സജീവമായിരുന്നു. പെരുന്നാള്‍ ധ്യാനയോഗങ്ങളിലും സുവിശേഷ പന്തലുകളിലും പ്രധാന പ്രസംഗകനായി ഫാ. തോമസുണ്ടായിരുന്നു. കോൽക്കത്തയിലും കാഷ്മീരിലും മിഷനറിയായി ബാവ എത്തിയിട്ടുണ്ട്. വരിക്കോലി ആശുപത്രിയിലെ കുഷ്ഠരോഗികളായ അന്തേവാസികള്‍ക്കിടയില്‍ നടത്തിയ കാരുണ്യശുശ്രൂഷകൾ അവിസ്മരണീയമാണ്.
കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രി ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഏഴു വര്‍ഷം സേവനം ചെയ്തു. മലങ്കര സുറിയാനി സഭയില്‍ കാറും കോളും നിറഞ്ഞ കാലത്ത് 1975 ഡിസംബര്‍ 25, 26 തീയതികളില്‍ അങ്കമാലി തുരുത്തിശേരി പള്ളിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ അസോസിയേഷന്റെ സംഘാടകനായിരുന്നു.
വൈദികരുടെ അഭാവം നേരിട്ടപ്പോള്‍, വിവിധയിടങ്ങളില്‍നിന്ന് താത്പര്യമുള്ളവരെ കണ്ടെത്തി വൈദികപരിശീലനം നല്കി. ഇതുവരെ 350 ലധികം വൈദികർക്കു പട്ടം നൽകി.
ബാഹ്യകേരള ഭദ്രാസനത്തെ ഡല്‍ഹി, മൈലാപ്പുര്, മുംബൈ, ബംഗളൂരു ഭദ്രാസനങ്ങളായും ഏറ്റവും വലിയ ഭദ്രാസനമായ അങ്കമാലിയെ മൂവാറ്റുപുഴ, കോതമംഗലം, ഹൈറേഞ്ച്, അങ്കമാലി, പെരുമ്പാവൂര്‍ മേഖലകളായും തിരിച്ചു. ഇടുക്കി ഭദ്രാസനം പുനരുജീവിപ്പിച്ച് മെത്രാപ്പോലീത്തമാര്‍ക്കു ചുമതല നല്കി. മേഖലാ ആസ്ഥാനങ്ങളും നിര്‍മിച്ചു.
പുത്തന്‍കുരിശ് സെന്റ് തോമസ്, പിറമാടം ബസേലിയോസ് പൗലോസ് രണ്ടാമന് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, ചേലാട് ഡെന്റല്‍ കോളജ്, പട്ടിമറ്റം മാര്‍ കൂറിലോസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, പുത്തന്‍കുരിശ് ബസേലിയോസ് തോമസ് ഫസ്റ്റ് പബ്ലിക് സ്കൂള്‍, പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് ഹൈസ്കൂള്‍ എന്നിവ സ്ഥാപിച്ചതിലും ബാവയുടെ നേതൃപരമായ പങ്കുണ്ട്.