പുത്തന്‍കുരിശിലെ സ്നേഹത്തുടിപ്പിൽ അലിയാന്‍
Saturday, November 2, 2024 1:14 AM IST
കൊച്ചി: യാക്കോബായ സഭയ്ക്കെന്ന പോലെ പുത്തന്കുരിശിനും ക്രൈസ്തവസഭാ ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഇടവും മേല്വിലാസവുമൊരുക്കിയ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഇന്ന് ഈ നാടിന്റെ സ്നേഹത്തുടിപ്പുള്ള മണ്ണിലലിയും.
സഭയുടെ ആസ്ഥാനമായ പത്രിയാര്ക്കാ സെന്ററും അനുബന്ധ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പതിറ്റാണ്ടുകളായി ബാവയുടെ സഭാശുശ്രൂഷകളുടെ നിര്‍വഹണം. തന്റെ മരണം എവിടെയാണെങ്കിലും അന്ത്യവിശ്രമം പാത്രിയാര്‍ക്കാ സെന്ററിലാകണമെന്ന് നിശ്ചയിച്ച് പറഞ്ഞുവച്ചതും ബാവ തന്നെ. അദ്ദേഹത്തിന്റെ സ്വപ്ന നിര്‍മിതി കൂടിയാണ് സഭാ ആസ്ഥാനമായ പാത്രിയാര്‍ക്കാ സെന്ററും കത്തീഡ്രലും അനുബന്ധ സ്ഥാപനങ്ങളും.
ബാവയുടെ കബറടക്കത്തിനുള്ള തയാറെടുപ്പുകള്‍ മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ പൂര്‍ത്തിയായി. മദ്ബഹായില്‍നിന്ന് അഞ്ചു മീറ്ററോളം മാറി ഇടതുഭാഗത്തായാണ് ശ്രേഷ്ഠ ബാവയ്ക്ക് കല്ലറയൊരുക്കിയിട്ടുള്ളത്.