ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വീണ്ടും മേഘവിസ്ഫോടനം. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. തപോവൻ മേഖലയിൽ നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായതായാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ട്.
സഹസ്ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ചരിത്രപ്രസിദ്ധമായ തപ്കേശ്വർ മഹാദേവ് ക്ഷേത്രത്തിന്റെ പരിസരം വെള്ളത്തിനടിയിലായി. ഋഷികേശ് മേഖലയിൽ ചന്ദ്രഭാഗ നദി കരകവിയുകയാണ്. പുഴയിൽ കുടുങ്ങിയ മൂന്നുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡെറാഡൂണിൽ 12-ാംക്ലാസ് വരെയുള്ള സ്കൂളുകൾക്ക് അവധി നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡെറാഡൂൺ, ചമ്പാവത്, ബാഗേശ്വർ, നൈനിറ്റാൾ എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Uttarakhand Flash floods cloud burst