കുമരകം: കടബാധ്യത തീര്‍ക്കാന്‍ മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അരലക്ഷം രൂപയ്ക്കു വില്ക്കാന് ഇതരസംസ്ഥാന തൊഴിലാളിയായ അച്ഛന്റെ ശ്രമം. അമ്മയുടെയും നാട്ടുകാരുടെയും ഇടപെടലില്‍ നീക്കം പോലീസ് പൊളിച്ചു. അച്ഛനെയും ഇടനിലക്കാരനെയും കുഞ്ഞിനെ വാങ്ങാനെത്തിയവരെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛൻ ആസാം സ്വദേശിയായ കുദ്ദൂസ് അലി (25), കുഞ്ഞിനെ 50,000 രൂപയ്ക്കു വാങ്ങാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ ദാനിഷ് ഖാന്, (32), അര്മാന് (31) എന്നിവരെയാണു കുമരകം, ഇല്ലിക്കല്‍ ഭാഗങ്ങളില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തത്.
കുമ്മനത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. നിര്‍മാണത്തൊഴിലാളിയായ ആസാം സ്വദേശിയാണ് ഭാര്യയുടെ എതിര്‍പ്പു മറികടന്ന് കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചത്. ഇവര്‍ക്ക് അഞ്ചുവയസുള്ള പെണ്‍കുട്ടിയും മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുമുണ്ട്. വര്‍ഷങ്ങളായി കുമ്മനത്ത് ജോലിചെയ്യുന്ന കുദ്ദൂസിന് അരലക്ഷം രൂപ കടമുണ്ടായിരുന്നതായി പറയുന്നു. ഭാര്യയും കുട്ടികളും ഒന്നര മാസം മുമ്പു വരെ പെരുമ്പാവൂരിലാണു താമസിച്ചിരുന്നത്. ഇതിനിടെ, കുമ്മനത്ത് ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുപി സ്വദേശിയായ ഇടനിലക്കാരന് മുഖേന കുഞ്ഞിനെ വില്ക്കാന് ശ്രമിക്കുകയായിരുന്നു.
ഈരാറ്റുപേട്ടയില്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുപി സ്വദേശിയായ ദാനിഷ് ഖാനാണ് കുഞ്ഞിനെ വാങ്ങാനെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 12 പേരടങ്ങുന്ന സംഘമാണ് കുമ്മനത്തെ വീട്ടില്‍ താമസിക്കുന്നത്. ശനിയാഴ്ച കുട്ടിയുടെ അമ്മ ഒഴികെയുള്ളവര്‍ ജോലിക്കു പോയപ്പോള്‍ രണ്ടുപേര്‍ കുട്ടിയെ ആവശ്യപ്പെട്ട് എത്തിയെങ്കിലും നല്‍കിയില്ല. ഈ വിവരം ഇവർ കുട്ടിയുടെ അച്ഛൻ ജോലി ചെയ്യുന്ന വാർഡ് മെംബർ ബുഷ്റ തൽഹത്തിനെ അറിയിക്കുകയും കരാറുകാരൻ ഇക്കാര്യം പോലീസില്‍ അറിയിക്കുകയുമായിരുന്നു.
കുട്ടിയെ ലഭിക്കുന്നതിനായി യുപി സ്വദേശി 1000 രൂപ കുദ്ദൂസ് അലിയെ ഏല്‍പ്പിച്ചിരുന്നു. യുപി സ്വദേശിക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്.ആണ്‍കുട്ടികള്‍ ഇല്ലാത്തതിനാലാണ് ഇയാള്‍ കുട്ടിയെ വാങ്ങാനെത്തിയത്. ഇതിന്റെ ഭാഗമായി യുപിയില്‍നിന്ന് ഇയാളുടെ ഭാര്യയെയും മറ്റു മക്കളെയും കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിച്ചിരുന്നു.
Tags : father priced baby