അടിമാലി: അടിമാലി ടൗണിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾക്ക് ദാരുണാന്ത്യം. അടിമാലി സ്വദേശി നെടുംപിള്ളിക്കുട്ടി ബിജു (52)ആണ് മരിച്ചത്. മണ്ണിടിച്ചിലിൽ അകപ്പെട്ട ബിജുവിന്റെ ഭാര്യ സന്ധ്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽ അകപ്പെട്ട ഇരുവരെയും പുറത്തെടുത്തത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണ് ഇടിഞ്ഞുവീണതിനെത്തുടർന്ന് വീടിനുള്ളിൽ കുരുങ്ങിയ നിലയിലായിരുന്നു ഇരുവരും. അപകടം നടന്നയുടനെ പ്രദേശവാസികളും ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയോരത്തുനിന്നു വലിയ തോതിൽ മണ്ണിടിഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു. ഈ ഭാഗത്തുണ്ടായിരുന്ന വീടുകൾക്കു മുകളിലേക്കാണ് മണ്ണ് പതിച്ചത്. മണ്ണിടിച്ചിലിൽ ആറു വീടുകൾ പൂർണമായും നാലു വീടുകൾ ഭാഗികമായും തകർന്നു. മരിച്ച ബിജുവിന്റെ രണ്ടു വീട്, കളന്പാട്ടുക്കുടി ഷൈജു, വടക്കേക്കര ഖദീജ, വേട്ടോളിൽ നൗഷാദ്, കുളക്കാട്ടുകുടി രാജു, അരീക്കൽ മുരളീധരൻ, താഴത്തെക്കുടി ഫാത്തിമ, പാറയിൽ ഷെഫീക്, മൂന്നാർ സ്വദേശി ഈശ്വരൻ എന്നിവരുടെ വീടുകളാണു തകർന്നത്.
ദുരന്തമുഖത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശനം നടത്തി. ദുരന്തബാധിത മേഖലയിലെ 44 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. 25 കുടുംബങ്ങളെ അടിമാലി സർക്കാർ സ്കൂളിലെ താത്കാലിക ക്യാന്പിലേക്ക് കഴിഞ്ഞ ദിവസംതന്നെ മാറ്റിയിരുന്നു. ഇത് അപകടത്തിന്റെ തീവ്രത കുറച്ചതായി മന്ത്രി പറഞ്ഞു. കത്തിപ്പാറയിലെ ക്വാർട്ടേഴ്സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, ജിയോജി വിഭാഗം, ദുരന്തനിവാരണ വിഭാഗം, പൊതുമരാമത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തരമായി പ്രത്യേക ടീം രൂപവത്കരിച്ച് ദുരന്തബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നിർമാണപ്രവർത്തനങ്ങൾ അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുക. മണ്ണിടിഞ്ഞു കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റാനുള്ള നടപടികളും സ്വീകരിച്ചു.
നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റിക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സർക്കാർ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, അഡ്വ. എ. രാജ എംഎൽഎ തുടങ്ങി വിവിധ രാഷ്ട്രീയ പ്രതിനിധികൾ ദുരന്തബാധിത പ്രദേശം സന്ദർശിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. ഈ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് ശനിയാഴ്ച രാത്രി വീണ്ടും പ്രദേശത്തെ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യത മുന്നിൽക്കണ്ട് 25 കുടുംബങ്ങളെ ലക്ഷം നഗറിൽനിന്ന് അടിമാലി സർക്കാർ ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാത-85ലൂടെയുള്ള ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്.
സന്ധ്യയുടെ ഇടതുകാല് ചതഞ്ഞരഞ്ഞ നിലയില്‍
കൊച്ചി: അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ സന്ധ്യ(41) ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാല്‍മുട്ടിനു താഴേക്ക് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞ നിലയിലാണെന്നും രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ പറഞ്ഞു.
ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി, ജനറല്‍ സര്‍ജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കാലിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല. ഇടതുകാല് മുറിച്ചുമാറ്റാതിരിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ട്. വലതുകാലിലെ മസിലുകള്‍ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കു കേടുപാടില്ല. രക്തയോട്ടം നിലച്ചത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ നിരീക്ഷണവും ചികിത്സയും നല്‍കുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അപകടത്തിനു പിന്നാലെ ഇന്നലെ പുലര്‍ച്ചെ 5.16നാണ് സന്ധ്യയെ അര്‍ധബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവ് ബിജു മരിച്ച കാര്യം സന്ധ്യയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.
Tags : collapses