പാറ്റ്ന: ബിഹാറിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി നിയമം ചവറ്റുകൊട്ടയിൽ എറിയുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. കത്തിഹാർ, കിഷൻഗഞ്ച്, അരാരിയ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാർഥി ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തെ വർഗീയശക്തികളുമായി തന്റെ പിതാവ് ലാലു പ്രസാദ് യാദവ് ഒരിക്കലും സന്ധിചെയ്തിട്ടില്ലെന്നും തേജസ്വി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി നിതീഷ് കുമാർ എല്ലായ്പോഴും അത്തരം ശക്തികളെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം കാരണമാണ് ആർഎസ്എസും അതിന്റെ പരിവാര സംഘടനകളും സംസ്ഥാനത്തും രാജ്യത്തും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും തേജസ്വി ആരോപിച്ചു.
നിതീഷ് കുമാർ കെട്ടിക്കിടക്കുന്ന വെള്ളം പോലെയായി; അത് ഒഴുകുന്നത് നിർത്തി. ഇപ്പോൾ അത് ദുർഗന്ധം വമിപ്പിക്കുന്നു. അതിനാൽ, എൻഡിഎ സർക്കാരിനെ പുറത്താക്കണം- അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ വാർധക്യ പെൻഷൻ 2,000 രൂപയായി ഉയർത്തുമെന്നും തേജസ്വി വാഗ്ദാനം ചെയ്തു.
Tags : Tejashwi Yadav