കോട്ടയം: കൃഷി നഷ്ടം മാത്രം സമ്മാനിക്കുന്നതും ഗ്ലാമറില്ലാത്തതുമായ മേഖലയാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ നിങ്ങൾ ഈ യുവാക്കളുമായി പത്തു മിനിറ്റ് സംസാരിക്കണം. കാർഷികമേഖലയെക്കുറിച്ചുള്ള നിങ്ങളുടെ സകല തെറ്റിദ്ധാരണകളും മാറും. വൈറ്റ് കോളർ ജോലികളും ഗ്ലാമർ പ്രഫഷനുകളും ഉപേക്ഷിച്ചു കൃഷിരംഗത്തേക്ക് ഇറങ്ങി അതിനേക്കാൾ വലിയ വിജയത്തിന്റെയും നേട്ടങ്ങളുടെയും ഉയരങ്ങൾ കീഴടക്കുകയാണ് ഈ യുവാക്കൾ. അവരെ ഒരുമിപ്പിച്ച് ദീപികയും മലയാളത്തിന്റെ സ്വന്തം കാർഷിക പ്രസിദ്ധീകരണമായ കർഷൻ മാസികയും ചേർന്നൊരുക്കിയ ‘ഗ്രീൻ ടോക്ക്’ ചർച്ച കൃഷിയുടെ അനന്തസാധ്യതകൾ യുവതലമുറയ്ക്കു മുന്നിൽ തുറന്നു കാട്ടുന്നതായിരുന്നു.
പുതുതലമുറയെ കൃഷിയിലേക്കും കാർഷികസംരംഭ മേഖലയിലേക്കും ആകർഷിക്കാനായി കൃഷിയെയും കർഷകരെയും കുറിച്ചുള്ള ധാരണകൾ തിരുത്തി എഴുതണമെന്നാണ് രാഷ്ട്രദീപിക കർഷകൻ ‘ഗ്രീൻ ടോക്ക്’ ചർച്ചയിൽ പങ്കെടുത്ത യുവകർഷകർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടത്. യുവാക്കൾക്കു കൃഷിയിൽ കരിയർ കണ്ടെത്താൻ നിരവധി അവസരങ്ങളുണ്ട്. അതു തുറന്നുകാട്ടാൻ മാധ്യമങ്ങൾ മുന്നോട്ടു വരണം. പൊതുസമൂഹവും അതു തിരിച്ചറിയണം. യുവാക്കൾ കൃഷിയിൽനിന്ന് അകലുന്നുവെന്ന വിലാപം അതോടെ നിലയ്ക്കും. ‘യുവാക്കൾ കൃഷി വിടുന്നോ?’എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ഗ്രീൻ ടോക്കിൽ അവർ പറഞ്ഞു. ദീപികയും കർഷകൻ മാസികയും ചേർന്നു കോട്ടയത്താണ് ഗ്രീൻ ടോക്ക് സംഘടിപ്പിച്ചത്.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ച ഉദ്ഘാടനം ചെയ്തു. ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ മോഡറേറ്റ് ചെയ്തു. കർഷകൻ മാസിക എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫ് സ്വാഗതവും ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ. ജിനോ പുന്നമറ്റം നന്ദിയും പറഞ്ഞു.
Tags : agriculture