ഹൈദരാബാദ്: ഹൈദരാബാദിൽ ബീഫ് വിളന്പിയതിന്റെ പേരിൽ ബജ്രംഗ് ദൾ പ്രവർത്തകർ അതിക്രമം നടത്തി മലയാളിഹോട്ടൽ പൂട്ടിച്ചു. അബിൻ വർഗീസ് എന്നയാൾ നടത്തിവരുന്ന കേരള തട്ടുകടയാണു പൂട്ടിച്ചത്.
ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിക്ക് (ഇഎഫ്എൽയു) സമീപം പ്രവർത്തിച്ചുവന്ന ചെറുഹോട്ടലിനു നേർക്കാണ് വെള്ളിയാഴ്ച വൈകുന്നേരം മുപ്പതോളം വരുന്ന ബജ്രംഗ് ദൾ പ്രവർത്തകർ അതിക്രമം നടത്തിയത്. ഹോട്ടലുടമകളുടെ പരാതിയിൽ പോലീസ് കേസെടുത്തു. പിന്നാലെ ബജ്രംഗ് ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഹോട്ടലിൽ അതിക്രമം നടത്തിയത് ഹൈദരാബാദിലെ സീതാഫൽമണ്ഡി നിവാസികളാണ്. ഹോട്ടലിലേക്കു ഇരച്ചുകയറിയ അക്രമികൾ അടുക്കള പരിശോധിച്ചശേഷം ഹോട്ടൽ അടുക്കള പൂട്ടി. സീതാഫൽമണ്ഡി ഹിന്ദു ഭൂരിപക്ഷ മേഖലയാണെന്നും പ്രദേശവാസികളായ മുസ്ലിംകൾ പോലും ഇവിടെ ബീഫ് വിൽക്കുന്നില്ലെന്നും നാട്ടുകാരനായ ശിവ പറഞ്ഞു. ബീഫ് വിറ്റ് ഹിന്ദുക്കളെ ചതിച്ചതിനാലാണ് ഹോട്ടൽ പൂട്ടിച്ചതെന്ന് ബജ്രംഗ് ദൾ പ്രവർത്തകനായ അനിൽ പറഞ്ഞു. ബീഫ് വിറ്റെന്ന് ഉടമ സമ്മതിച്ചെന്ന് അനിൽ കൂട്ടിച്ചേർത്തു.
Tags : Beef