അപൂര്‍വമായിരുന്ന ഒരു രോഗമാണിപ്പോള്‍ കേരളത്തെ വിറപ്പിക്കുന്നത്. ആദ്യം പ്രത്യക്ഷപ്പെട്ടത് മലബാറില്‍. പിന്നീടത് സാവധാനം കേരളം മുഴുവനും പരക്കുകയാണ്. കുറച്ചുപേരെയൊക്കെ ചികിത്സിച്ചു ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞു. എങ്കിലും ഈ രോഗം പിടിപെട്ടാല്‍ ജീവന് നഷ്ടമാകുമെന്ന ആശങ്ക വല്ലാതെ കൂടുകയാണ്. രോഗ കാരണത്തെക്കുറിച്ച് ഇനിയും കൃത്യമായി കണ്ടെത്താന്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്കു കഴിഞ്ഞിട്ടുമില്ല. അമീബിക് മസ്തിഷ്ക ജ്വരം കേരളത്തിൽ ഭീതിപടർത്തുകയാണ്. ദിവസംതോറും കേരളത്തില്‍ അമീബിക് മസ്തിഷ്ക ജ്വരം പിടിപെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു.
കഴിഞ്ഞ വര്‍ഷം 39 പേര്‍ക്കായിരുന്നു രോഗബാധയെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 23 വരെയുള്ള കണക്കുപ്രകാരം 80 പേര്‍ക്ക് രോഗം ബാധിച്ചു. ഈ മാസത്തോടെ അത് 130ലെത്തി. 2024ലെ മരണസംഖ്യ ഒന്‍പതു മാത്രമായിരുന്നുവെങ്കില്‍ പുതുവര്ഷത്തിലേക്കു കടക്കാന്‍ മൂന്നുമാസത്തിലേറെ ശേഷിക്കെ മരണസംഖ്യ 21ലെത്തി. ഈ മാസവും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് രണ്ടു പേര്‍ക്കാണ് ജീവന് നഷ്ടമായത്. 21 കടന്നു കുതിക്കുകയാണ് മരണസംഖ്യ.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങികുളിക്കുന്നവര്ക്കാണ് രോഗമുണ്ടാകുന്നതെന്നാണ് ആരോഗ്യവകുപ്പ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ബാത്റൂമില്‍ കുളിച്ചവര്‍ക്കും ഈ ജ്വരം ബാധിച്ചു. ക്ലോറിനേറ്റ് ചെയ്താണ് പൈപ്പ് വെളളം വിതരണം ചെയ്യുന്നത്. പക്ഷെ പൈപ്പ് വെള്ളത്തില്‍ കുളിച്ചവര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നാടാകെയുള്ള കുളങ്ങളിലും കിണറുകളിലും ജലാശയങ്ങളിലും ബ്ലീച്ചിംഗ് പൗഡര്‍ അടക്കമുള്ള അണുനാശിനികള്‍ വാരിവിതറിയിട്ടും ആരോഗ്യ സംവിധാനങ്ങള്‍ക്ക് പിടികൊടുത്തിട്ടില്ല ഈ വില്ലന്‍ രോഗം.
രോഗബാധ കൂടുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സര്‍ക്കാര്‍ തീവ്രശുചീകരണ യജ്ഞം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകള്‍ തേച്ചു കഴുകി വൃത്തിയാക്കണമെന്നും നിര്‍ദേശം നല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്, ജലവിഭവ വകുപ്പ് എന്നിവയുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് ജനകീയ കാന്പയിനും നടത്തി. എന്നിട്ടും അമീബിയയെ പിടിച്ചുകെട്ടാനായിട്ടില്ല.
പല ആളുകള്‍ക്കും രോഗം ബാധിച്ചത് എവിടെനിന്നാണെന്നു ആരോഗ്യവകുപ്പിന് കണ്ടെത്താനായില്ല. വിദഗ്ധ സ്ഥാപനങ്ങളെ നിയോഗിച്ച് ജ്വരത്തെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണ്. ആശാവഹമായ ഫലങ്ങളൊന്നും ലബോറട്ടറികളില്‍നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. കേരളത്തില്‍ മാത്രമാണോ അമീബിക് മസ്തിഷ്ക ജ്വരം ഈവിധം പടരുന്നത്, നമ്മുടെ ശീലങ്ങളാണോ മാനവരാശിക്കു ഭീഷണിയായ അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണം...ആശങ്കകളും അഭ്യൂഹങ്ങളും ഒട്ടേറെയാണ്.
നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ മരുന്നോ ചികിത്സയോ ലഭ്യമല്ല. എങ്കിലും ഫംഗസ് അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് പ്രയോഗിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള അറിവും ജാഗ്രതയുമാണ് പ്രധാനമെന്ന് ആരാഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത് ഫലപ്രദമായ ചികിത്സയില്ലാത്തതുമൂലമാണ്.
ഈ രോഗം എത്രമാത്രം മാനവരാശിക്കു ഭീഷണിയാകുമെന്നതും അതില്‍നിന്നു വ്യക്തമാണ്. ഏറ്റവും ഒടുവിലുള്ള വിവരം കന്നുകാലികള്‍ക്കും ഈ രോഗം വരാമെന്നതാണ്. അങ്ങനെയെങ്കില്‍ നമ്മുടെ ക്ഷീരമേഖലയ്ക്കും കന്നുകാലി സമ്പത്തിനും കടുത്ത ഭീഷണിയാണ് അമീബിക് മസ്തിഷ്ക ജ്വരം. ആരോഗ്യമേഖലയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട കേരള മോഡലിനെയാണ് അമീബിക് മസ്തിഷ്ക ജ്വരം വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ആരോഗ്യ സംവിധാനങ്ങള്‍ അതീവജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ "ഈ കപ്പല്‍ ആടിയുലയുകയില്ല സാര്‍' എന്ന ആരോഗ്യമന്ത്രിയുടെ ഡയലോഗ് തിരുത്തേണ്ടി വരുന്ന സമയം വിദൂരമാകില്ല.
മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് പഠനം
2023ലെ നിപ രോഗ ബാധയെത്തുടര്‍ന്ന് മസ്തിഷ്ക ജ്വരങ്ങളെല്ലാംതന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. രോഗം നേരത്തേ കണ്ടെത്താന്‍ സാധിക്കുന്നതു കൊണ്ട് കേരളത്തില്‍ മരണനിരക്ക് ആഗോള ശരാശരിയേക്കാള്‍ വളരെ കുറവാണെന്നും ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ട്. അതിനിടെ, രോഗികളുടെ വീടുകളുടെ ജലസ്രോതസുകളില്‍ നടത്തിയ പരിശോധനയില്‍ ചില സാമ്പിളുകളിലാണ് അമീബയുടെ സാന്നിധ്യം വ്യക്തമായത്.
വിവിധ ജലസ്രോതസുകളില്‍ Balamuthiya mandrillaris, Vermameoba vermiforms, Parhikampfika Francinae, Acanthameoba എന്നീ അമീബാ വകഭേദങ്ങളുടെ സാന്നിധ്യം പിസിആര്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു ആക്ഷന്‍ പ്ലാന്‍ രൂപവത്കരിക്കാനായി ടെക്നിക്കല്‍ ശില്പശാല ആരോഗ്യവകുപ്പ് സംഘടിപ്പിച്ചിരുന്നു. ശില്പശാലയില് രൂപവത്കരിച്ച ആക്ഷന്‍ പ്ലാന്‍ പ്രകാരം അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് പഠിക്കാനായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിവിധ പഠനങ്ങള്‍ നടന്നുവരികയാണ്.
കൂടാതെ ജെനോമിക് സീക്വന്‍സിംഗ് ഓഫ് മോളികുലാര്‍ കണ്‍ഫേംഡ് കേസസ് ഓഫ് അമീബിക് മെനിഞ്ചനോസിഫലൈറ്റിസ് എന്ന പഠനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും ഐസിഎംആര്‍ വിദഗ്ധരുടെയും സഹായത്തോടെ നടത്തുമെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആരോഗ്യകരമായ ശീലങ്ങള്‍ അനിവാര്യം
അമീബിക് മസ്തിഷ്ക ജ്വരം തടയാന്‍ പൊതുജനങ്ങള്‍ ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നത്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെര്‍മീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ് ഉണ്ടാകുന്നത്.
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്ക്കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ അമീബ തലച്ചോറിലേക്കു കടന്നാണ് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുന്നത്. രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാല്‍ അഞ്ചു മുതല്‍ 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. രോഗം ഗുരുതരാവസ്ഥയിലായാല്‍ ഓര്‍മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിയുമുണ്ടാകും.
"ഡോക്ടറുടെ തലയില്‍ വെട്ടിയിട്ട് കാര്യമില്ല'
അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനമാകെ പടരുന്ന സാഹചര്യത്തിലാണ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടത്. അത് വൈറലാവുകയും ചെയ്തു. മാലിന്യം വലിച്ചെറിയുന്നതാണ് രോഗത്തിനു കാരണം. അതിനു പരിഹാരം കാണാതെ ഡോക്ടറുടെ തലയില്‍ വെട്ടിയിട്ട് കാര്യമില്ലെന്നായിരുന്നു ഡോക്ടര്‍ ഹാരിസിന്റെ കുറുപ്പിന്റെ ചുരുക്കം.
തിരുവനന്തപുരം മെഡിക്കല്‍കോളജിൽ അവശ്യ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നതടക്കമുള്ള സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിലുടെ സര്‍ക്കാരിന്റെ കണ്ണിലെ കരടാവുകയും പൊതുസമൂഹത്തിന്റെ കൈയടി നേടുകയും ചെയ്ത നിസ്വാര്‍ഥ ആരോഗ്യപ്രവര്‍ത്തകനാണ് ഡോ. ഹാരിസ്.
അദ്ദേഹം സൂചിപ്പിച്ച അമീബിക് മസ്തിഷ്ക ജ്വരവും വെട്ടും തമ്മിലെന്താണ് ബന്ധമെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം കോഴിക്കോട് താമരശേരിയിലാണുള്ളത്.
രണ്ടുമാസം മുമ്പാണ് താമരശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ സനൂപിന്റെ 11 വയസുള്ള മകള്‍ മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മകളുടെ മരണത്തോടെ മാനസികമായി തകര്‍ന്ന പിതാവ് മരണസര്ട്ടിഫിക്കറ്റിനായും മരണകാരണമറിയാനും ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം.
ഒടുവില്‍ കത്തിയുമായി പിതാവ് ഈ മാസാമാദ്യം താമരശേരി താലൂക്ക് ആശുപത്രിയിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. ഈ സംഭവത്തിനു ശേഷം കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണം കുടുംബം ബലപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവമാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ സമൂഹ മാധ്യമ പോസ്റ്റില്‍ പരാമര്‍ശിച്ചത്.
കന്നുകാലികള്‍ക്കും ഭീഷണി...?
ബ്രസീല്‍, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അമീബിക് മസ്തിഷ്ക ജ്വരം കന്നുകാലികളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഈ രോഗം മനുഷ്യരില്‍ പടരുമ്പോള്‍ കന്നുകാലികളെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
മലിനമായ ഇത്തരം ജലാശയങ്ങളില്‍ കന്നുകാലികള്‍ മുഖം താഴ്ത്തുന്നതു വഴി നാസാരന്ധ്രങ്ങളിലൂടെ അമീബ നാഡീവ്യൂഹത്തെയും തലച്ചോറിനെയും ബാധിക്കും. മനുഷ്യരിലും ഇത്തരത്തിലാണ് അസുഖം ബാധിക്കുന്നത്. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കോ തിരിച്ചോ രോഗം പകരില്ല.
സാങ്കേതികമായി രോഗം വെള്ളം കുടിക്കുന്നതുവഴി പകരില്ല. എന്നാല്‍ മലിനമായ ജലം ഉപയോഗിച്ച് മുഖം കഴുകുകയോ മലിനമായ ജലത്തില്‍ കുളിക്കുകയോ ചെയ്താല്‍ മൂക്കില്‍ കൂടി രോഗബാധ ഉണ്ടാകാം. ഇളം ചൂടുള്ള കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗകാരിയായ നീഗ്ളേരിയ ഫൌലേരി ഇനത്തിലുള്ള അമീബയുടെ സാന്നിധ്യമുണ്ടെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മനുഷ്യരിലുണ്ടാകുന്ന രോഗബാധ സങ്കീര്‍ണമായ ലബോറട്ടറി പരിശോധനകളിലൂടെയേ കണ്ടെത്താന്‍ കഴിയുകയുള്ളു. ഇതേ രീതിയിലുള്ള പരിശോധനയാണ് കന്നുകാലികളിലെ രോഗ നിര്‍ണയത്തിനും വേണ്ടത്. പക്ഷെ രോഗലക്ഷണങ്ങള്‍ കണ്ടാലും കന്നുകാലികളുടെ നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കാനുള്ള നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.
തീറ്റ എടുക്കാതിരിക്കുക, തളര്‍ച്ച, പനി, കഴുത്തു തിരിക്കാന്‍ കഴിയാതാകുക, വിറയല്‍, അപസ്മാര ലക്ഷണങ്ങള്‍ തുടങ്ങിയവയാണ് കന്നുകാലികളിലെ ലക്ഷണങ്ങള്‍. തലച്ചോറിനെയും അതിന്റെ ആവരണത്തെയും ബാധിക്കുന്ന അസുഖമായതിനാല്‍ മൃഗങ്ങള്‍ പേ പിടിച്ച പോലെ ലക്ഷണങ്ങള്‍ കാണിക്കും. അതിനാല്‍ പേയാണെന്ന് തെറ്റിധരിക്കാനുള്ള സാധ്യതയുണ്ട്.
ചെറുതായി ശബ്ദം കേട്ടാല്‍ പോലും വന്യമായി പ്രതികരിക്കും. രോഗം ബാധിച്ച കന്നുകാലികളില്‍നിന്ന് ജലാശയം മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ ഏതുതരം രോഗമുള്ള കന്നുകാലികളാണെങ്കിലും, ജലാശയത്തില്‍ ഇറക്കി നിര്‍ത്തി കുളിപ്പിക്കുകയോ ജലാശയങ്ങളില്‍നിന്ന് നേരിട്ട് വെള്ളം കുടിക്കുവാന്‍ അനുവദിക്കുകയോ ചെയ്യരുത്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ ക്ളോറിനേഷന്‍ നടത്തുന്നത് രോഗം പകരുന്നത് തടയാന്‍ കഴിയും.
ഉറവിടമേതെന്ന് ഉറപ്പില്ല
ഇ. അനീഷ്
നിപയ്ക്ക് ശേഷം ആരോഗ്യ വകുപ്പിനെ ഏറെ പിടിച്ചുകുലുക്കുന്ന മസ്തിഷ്ക ജ്വരത്തിന്റെ ഉറവിടവും നിപയ്ക്ക് സമാനമായി നിലകൊള്ളുന്നു. രണ്ടിന്റെയും ഉറവിടം ഉറപ്പിച്ചുപറയാന്‍ ഇപ്പോഴുംആരോഗ്യ വിദഗ്ധര്‍ക്ക് കഴിയുന്നില്ല. നിപയ്ക്ക് കാരണം വവ്വാലുകളെന്ന് പറയുമ്പോഴും ശാസ്ത്രീയമായി അത് തെളിയിക്കപ്പെട്ടിട്ടില്ല. മസ്തിഷ്ക ജ്വരമാകട്ടെ കെട്ടിക്കിടക്കുന്ന മലിനജലമാണ് വില്ലനെന്ന് പറയുമ്പോഴും കിണര്‍ വെള്ളത്തില്‍ കുളിച്ചവര്‍ പോലും രോഗബാധിതരാകുന്നു. കിണര്വെള്ളത്തില്വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കയാണുണ്ടാക്കുന്നത്. തെക്കന്‍ ജില്ലകളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വടക്കന്‍ ജില്ലകളില്‍ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
കുളങ്ങളിലും സ്വിമ്മിംഗ് പൂളിലും വൃത്തിയില്ലാത്ത വെള്ളക്കെട്ടുകളിലും നീന്തുന്നവര്‍ക്ക് മാത്രമാണ് രോഗം പിടിപെടുന്നതെന്നാണ് ഈയടുത്തുവരെ മനസിലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യങ്ങളിലൊന്നും ഉള്‍പ്പെടാത്ത മൂന്നുമാസം പ്രായമുള്ള കുട്ടിക്കു വരെ അമീബിക് മസ്തിഷ്ക്വജ്വരം സ്ഥിരീകരിച്ചെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. വീട്ടില്‍ കുളിച്ചാലും ഈ രോഗം ബാധിക്കുന്നുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വലിയ ആശങ്ക. ശരിയായ രോഗപ്രതിരോധത്തിന് പ്രായോഗികമായി ചെയ്യാന്‍ സാധിക്കുന്നത്, ഏതൊരു സാഹചര്യത്തിലും മൂക്കിലേയ്ക്ക് വെള്ളം ശക്തിയില്‍ വരുന്നത് ഒഴിവാക്കുക എന്നത് മാത്രമാണ്.
രോഗസ്ഥിരീകരണത്തിന് രണ്ടുതരം പരിശോധനകള്‍
സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡ് സ്രവത്തിന്റെ വെറ്റ് ഫിലിം മൈക്രോസ്കോപ്പി, സെറിബ്രോസ്പൈ
Tags : Amoeba