ന്യൂഡൽഹി: നടൻ വിജയ് അധ്യക്ഷനായ ടിവികെയുടെ (തമിഴക വെട്രി കഴകം) രാഷ്ട്രീയറാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന്റെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തതായി സിബിഐ. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അപകടം നടന്ന കരൂരിലെ വേലുച്ചാമിപുരം സന്ദർശിച്ചതായും സിബിഐ അറിയിച്ചു. കേസിൽ തമിഴ്നാട് പോലീസിന്റെ എഫ്ഐആർ സിബിഐ വീണ്ടും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങൾ പ്രാദേശിക കോടതിയെ അറിയിച്ചതായും സിബിഐ വ്യക്തമാക്കി.
കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗസംഘത്തെയും ജസ്റ്റീസുമാരായ കെ.മഹേശ്വരി, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന ബെഞ്ച് നിയോഗിച്ചിരുന്നു. സെപ്റ്റംബർ 27ന് വിജയ് നടത്തിയ റാലിയിലാണ് 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തമുണ്ടായത്. 60 ഓളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Tags : CBI