ചേർത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെബാസ്റ്റ്യനുമായി പോലീസ് തെളിവെടുപ്പ് നടത്തി. സെബാസ്റ്റ്യനെ ഐഷ താമസിച്ചിരുന്ന വീട്ടിലും സെബാസ്റ്റ്യന്റെ പരിചയക്കാരിയായ സ്ത്രീയുടെ വീട്ടിലുമെത്തിച്ച് തെളിവുകൾ ശേഖരിച്ചു. ഇന്നലെ രാവിലെ 11ഓടെയായിയരുന്നു തെളിവെടുപ്പ്. സെബാസ്റ്റ്യൻ പരിചയക്കാരിയുടെ വീട്ടിൽ സ്ഥിരമായി വന്നിരുന്നുവെന്നും സമീപവാസികളും പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
പരിചയക്കാരിയായ സ്ത്രീയെ വീണ്ടും പോലീസ് ചോദ്യം ചെയ്തെങ്കിലും മുമ്പു നൽകിയ മൊഴിയും ഇപ്പോൾ നൽകുന്ന മൊഴിയും വ്യത്യസ്തമാണെന്ന് കണ്ടെത്തിയതിനാൽ ഇവരെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഐഷ കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ചേർത്തല സ്റ്റേഷൻ ഓഫീസർ ലൈസാദ് മുഹമ്മദിന്റെ നേത്യത്വത്തിലാണ് സെബാസ്റ്റ്യനെ തെളിവെടുപ്പിനു കൊണ്ടുപോയത്. പരിചയക്കാരിയായ സ്ത്രീയുടെ വീട്ടിലേക്ക് സെബാസ്റ്റ്യൻ പോയിരുന്ന വഴികൾ സെബാസ്റ്റ്യൻ പോലീസിനു കാണിച്ചു കൊടുത്തു. പരിചയക്കാരിയെയും സെബാസ്റ്റ്യനെയും ഒരുമിച്ചിരുത്തിയെങ്കിലും സെബാസ്റ്റ്യനെ അറിയാമെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും പരിചയക്കാരി പറയുന്നില്ല.
പരിചയക്കാരിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യനും സമ്മതിച്ചു. പരിചയക്കാരിയായ സ്ത്രീ മുഖേനയാണ് സെബാസ്റ്റ്യൻ സ്ഥലം കച്ചവടം സംബന്ധിച്ച് ഐഷയെ പരിചയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ പേരെ പോദ്യം ചെയ്യുന്നുണ്ട്.
ഏറ്റുമാനൂർ സ്വദേശിനി ജയമ്മ കൊലപാതകക്കേസിലും കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊലപാതകക്കേസിലും പള്ളിപ്പുറത്തുള്ള സെബാസ്റ്റ്യന്റെ വീടിനു ചുറ്റും വീടിനുള്ളിലും ക്രൈംബാഞ്ച് സംഘം കുഴിയെടുത്ത് പരിശോധിച്ചിരുന്നു.
മൃതദേഹ അവശിഷ്ടങ്ങളുടെ കത്തിക്കരിച്ച അസ്ഥികൾ മാത്രമാണ് ലഭിച്ചത്. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് ഐഷയുടെ കൊലപാതകത്തിൽ സെബാസ്റ്റ്യന്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
കോടതി അനുവദിച്ച കസ്റ്റഡി കാലവധി നാളെ കഴിയും.
Tags :