Kerala
കൊല്ലം: ഓച്ചിറ റെയിൽവേ സ്റ്റേഷനു സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65) മകൻ ശ്യാം (45) എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് പ്ലാറ്റ്ഫോമിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്
ജനശതാബ്ദി തട്ടിയാണ് മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവിധം ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (23), വിഷ്ണു (20).
ശ്യാം കോയമ്പത്തൂരിൽ ജോലി നോക്കുകയാണ്. വെള്ളിയാഴ്ച നാട്ടിലെത്തിയ ശ്യാം ഭാര്യയെയും മകനെയും മർദിച്ചിരുന്നു. ഇവർ കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടതിനു പിന്നാലെ ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇരുവിഭാഗത്തോടും ഇന്നു പത്തിന് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
ഇന്ന് പ്രമീള സ്റ്റേഷനിലെത്തിയെങ്കിലും ശ്യാമും അമ്മയും എത്തിയില്ല. പുലർച്ചെ നാലിന് വസന്തയും ശ്യാമും വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ശ്യാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ വസന്തയെ പ്രമീള വിളിച്ചപ്പോൾ അടുത്ത ഓണം വരെ ഞങ്ങൾ ഒരിടം വരെ പോകുകയാണെന്നും തിരക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
ട്രെയിൻ തട്ടി മരണമെന്ന ഓച്ചിറ പോലീസിന്റെ സന്ദേശം എത്തിയപ്പോഴാണ് ശാസ്താംകോട്ട പോലീസിനു സംശയം തോന്നി അന്വേഷിക്കുന്നത്. മൃതദേഹങ്ങളുടെ സമീപത്തുനിന്ന് ഇരുവരുടെയും ഫോൺ ചിന്നിച്ചിതറിയ നിലയിൽ ലഭിച്ചിട്ടുണ്ട്. ഒരു സിംകാർഡ് ലഭിച്ചത് പോലീസിന്റെ കൈവശമുണ്ട്.
വസന്തയും ശ്യാമിന്റെ ഭാര്യ പ്രമീളയും മക്കളും ഒരുമിച്ചാണു താമസിക്കുന്നത്. നാട്ടിൽ വർക്ക്ഷോപ്പ് നടത്തി വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനെ തുടർന്ന് നാട്ടിൽനിന്നു മാറി കോയമ്പത്തൂരിൽ വർക്ഷോപ്പ് ഇട്ട് പ്രവർത്തിക്കുകയായിരുന്നു ശ്യാം. എന്നാൽ ഇതും നഷ്ടത്തിലായി.
Kerala
ചണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു.
ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിംഗ്, ബൽവന്ത് റായ്, ധർമേന്ദർ വർമ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ എന്നിവരാണ് മരിച്ചത്.
രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൽവന്ത് സിംഗ്, ഹർബൻസ് ലാൽ, അമർജീത് കൗർ, സുഖ്ജീത് കൗർ, ജ്യോതി, സുമൻ, ഗുർമുഖ് സിംഗ്, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, പൂജ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലർ ഇതിനകം ആശുപത്രി വിട്ടു.
അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അനുശോചനം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
സ്വന്തം ലേഖകന്‍
കോഴിക്കോട്: മുപ്പത്തൊമ്പതു വര്‍ഷം മുമ്പ് കോഴിക്കോട് കൂടരഞ്ഞിയില്‍ ഒരാളെ കൊന്നതായി വെളിപ്പെടുത്തല്‍ നടത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റെരാളെക്കൂടി കൊലപ്പെടുത്തിയതായി പോലീസിനു മൊഴി നല്കി.
കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തുവച്ച് 1989ല്‍ ഒരാളെ കൊന്നതായാണ് രണ്ടാമത്തെ വെളിപ്പെടുത്തല്‍. രണ്ടു സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട രണ്ടുപേരും ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, മുഹമ്മദലിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സഹോദരന് പൗലോസ് പറഞ്ഞു.
1986ല്‍ പതിനാലാം വയസില്‍ കൂടരഞ്ഞിയില്വച്ച് താന്‍ ഒരാളെ കൊലപ്പെടുത്തിയിരുന്നതായി കഴിഞ്ഞമാസം അഞ്ചിനാണ് വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ പറഞ്ഞത്. വേങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സംഭവം നടന്ന കൂടരഞ്ഞി ഉള്‍പ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.
തിരുവമ്പാടി പോലീസ് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്ത് കൊലക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതിനിടയിലാണ് വിശദമായ മൊഴിയില്‍ മറ്റൊരാളെക്കൂടി മുഹമ്മദലി കൊലപ്പെടുത്തിയതായുള്ള വിവരം പുറത്തുവരുന്നത്. കൂടരഞ്ഞിയിലെ സംഭവത്തിനുശേഷം 1989ല്‍ കോഴിക്കോട്ടു വന്ന് ഹോട്ടലില്‍ ജോലി ചെയ്തുവരവേ ഒരാള്‍ കോഴിക്കോട് കടപ്പുറത്തുവച്ച് കൈയിലുള്ള പണം തട്ടിപ്പറിച്ചുവെന്നു മുഹമ്മദലിയുടെ മൊഴിയില്‍ പറയുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അയാള്‍ കടപ്പുറത്തുണ്ടെന്ന് സുഹൃത്തായ ബാബു പറഞ്ഞു. ബാബുവുമൊത്ത് കടപ്പുറത്തുപോയപ്പോള് പണം തട്ടിപ്പറിച്ചയാളെ കണ്ടെത്തി.
പണം തട്ടിപ്പറിച്ച കാര്യം ചോദിച്ചപ്പോള്‍ അയാള്‍ തട്ടിക്കയറി. വാക്കേറ്റമായി. ബാബു അയാളെ തല്ലി താഴെയിട്ട് മുഖം മണലില്‍ താഴ്ത്തിപിടിച്ചു. താന്‍ കാലില്‍ പിടിച്ചുവെന്നും മരിച്ചെന്ന് ഉറപ്പാക്കിയശേഷം അയാളുടെ കൈയില്‍നിന്ന് പണം എടുത്ത് തങ്ങള്‍ രണ്ടുപേരും വീതിച്ച് എടുത്തുവെന്നുമാണ് മൊഴി. തുടര്‍ന്ന് രണ്ടുപേരും രണ്ടു വഴിക്കു പിരിഞ്ഞു. ബാബുവിനെ പിന്നെ കണ്ടിട്ടില്ല. മരിച്ചത് ആരാണെന്ന് അറിയില്ലെന്നും മൊഴിയില്‍ മുഹമ്മദലി വ്യക്തമാക്കി.
നടക്കാവ് പോലീസ് കൊലപാതകക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൗണ്‍ അസി. കമ്മീഷണര്‍ ടി.കെ. അഷ്റഫാണ് അന്വേഷണം നടത്തുന്നത്. മുഹമ്മദലിയുടെ വെളിപ്പെടുത്തലോടെ പോലീസ് വെട്ടിലായിരിക്കുകയാണ്. അജ്ഞാത മൃതദേഹങ്ങളായാണ് രണ്ടു സംഭവങ്ങളും പോലീസ് അവസാനിപ്പിച്ചിട്ടുള്ളത്. കൊല്ലപ്പെട്ട ആളുകളെ കണ്ടെത്തുകയാണ് പോലീസിനു മുന്നിലുള്ള വെല്ലുവിളി. മുഹമ്മദലി മതം മാറിയാണ് ആ പേരു സ്വീകരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന് പൗലോസ് പറഞ്ഞു. ആന്റണി എന്നാണ് യഥാര്‍ഥ പേര്.
ആന്റണി മലപ്പുറത്തുനിന്ന് മുസ്ലിംയുവതിയെ രണ്ടാം വിവാഹം കഴിച്ച ശേഷമാണ് മുഹമ്മദലി എന്ന പേരില്‍ മതം മാറിയത്. കൂടരഞ്ഞിയില്‍ ഒരാള്‍ തോട്ടില്‍വീണു മരിച്ചതായി അക്കാലത്ത് ആളുകള്‍ പറഞ്ഞുകേട്ടിരുന്നു. ഈ മരണങ്ങളുടെ ഉത്തരവാദിത്വം മുഹമ്മദലി ഏറ്റെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് പൗലോസ് പറഞ്ഞു.