രഘോപുർ: രഘോപുർ മണ്ഡലത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ലക്ഷ്യമിടുന്നു. 3.4 ലക്ഷം വോട്ടർമാരാണ് ഗംഗാതീരത്തുള്ള മണ്ഡലത്തിലുള്ളത്.
തേജസ്വിയുടെ മാതാപിതാക്കളും ബിഹാർ മുൻ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവും റാബ്റി ദേവിയും മുന്പ് രഘോപുരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1995ലാണ് ലാലു ഇവിടെനിന്നു വിജയിച്ചത്; റാബ്റി ദേവി 2000ലും. ലാലു രണ്ടു തവണയും റാബ്റി മൂന്നു തവണയും രഘോപുരിൽനിന്നു വിജയിച്ചു.
2015ൽ, ഇരുപത്തിയഞ്ചാം വയസിലാണ് തേജസ്വി യാദവ് രഘോപുരിൽ കന്നിയങ്കത്തിനിറങ്ങിയത്. ഇത്തവണ ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായാണ് തേജസ്വിയുടെ വരവ്. കോൺഗ്രസും മൂന്ന് ഇടതുപാർട്ടികളും വികാസ്ശീൽ ഇൻസാൻ പാർട്ടിയും (വിഐപി) തേജസ്വിക്ക് ഉറച്ച പിന്തുണ നല്കുന്നു. മത്സ്യത്തൊഴിലാളികളായ നിഷാദ് വിഭാഗത്തിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്.
നിഷാദ് വിഭാഗമാണ് വിഐപിയുടെ വോട്ട്ബാങ്ക്. യാദവ് വിഭാഗമാണ് രഘോപുരിലെ ഏറ്റവും പ്രബലർ. 20 വർഷമായി യാദവ വിഭാഗത്തോടു നിതീഷ്കുമാർ ചിറ്റമ്മനയമാണു പുലർത്തിയതെന്ന് മണ്ഡലത്തിലെ ഒരു യുവ വോട്ടർ അഭിപ്രായപ്പെടുന്നു.
രഘോപുരിൽ 2010 ൽ റാബ്റി ദേവിയെ പരാജയപ്പെടുത്തിയ സതീഷ്കുമാർ ആണ് ബിജെപി സ്ഥാനാർഥി. തുടർച്ചയായി മൂന്നാം തവണയാണ് രഘോപുരിൽ തേജസ്വി-സതീഷ്കുമാർ പോരാട്ടം അരങ്ങേറുന്നത്. 2010ൽ ജെഡി-യു ടിക്കറ്റിലായിരുന്നു സതീഷ്കുമാർ വിജയിച്ചു. രണ്ടു തവണ ഉപമുഖ്യമന്ത്രിയായിട്ടും ഒരു ഡിഗ്രി കോളജോ റഫൽ ആശുപത്രിയോ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്ന് സതീഷ്കുമാർ കുറ്റപ്പെടുത്തുന്നു. 2020ൽ 38,000 വോട്ടിനാണ് സതീഷ്കുമാറിനെ തേജസ്വി പരാജയപ്പെടുത്തിയത്. എൻഡിഎയിലെ ഭിന്നതമൂലമാണ് അത്ര വലിയ പരാജയമുണ്ടായതെന്ന് സതീഷ്കുമാർ പറഞ്ഞു.
ചിരാഗ് പാസ്വാന്റെ എൽജെപി 2020ൽ ഒറ്റയ്ക്കു മത്സരിച്ച് 25,000 വോട്ട് നേടിയിരുന്നു. ഇത്തവണ ചിരാഗ് പാസ്വാന്റെ പിന്തുണയുള്ളതിനാൽ തനിക്ക് വിജയം ഉറപ്പാണെന്നാണ് സതീഷ്കുമാർ അവകാശപ്പെടുന്നു. ബിജെപി ഒരിക്കലും രഘോപുരിൽ വിജയിച്ചിട്ടില്ല. 1967ൽ ജനസംഘത്തിന് ഇവിടെ വിജയിക്കാൻ കഴിഞ്ഞു.
രഘോപുരിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മത്സരിക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, താൻ ഒരിടത്തും മത്സരിക്കുന്നില്ലെന്നു പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. ചഞ്ചൽ സിംഗ് ആണ് ജൻ സുരാജ് പാർട്ടി സ്ഥാനാർഥി. രഘോപുരിൽ 13 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപിന്റെ ജനശക്തി ജനതാ ദൾ സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നു. തേജ് പ്രതാപിന്റെ ഉറ്റ അനുയായി പ്രേംകുമാർ ആണ് സ്ഥാനാർഥി.
Tags : Raghopur