ന്യൂഡല്‍ഹി: കിഴക്കന്‍ മേഖലയില്‍ ശ്രദ്ധിക്കുകയെന്ന ഇന്ത്യന്‍ നയത്തിന്റെ നെടുംതൂണാണ് ആസിയാന്‍ കൂട്ടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ വ്യാപാരപങ്കാളിത്തം മാത്രമല്ല, സാംസ്കാരികമായും ഇഴചേര്ന്നുകിടക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരില്‍ ഇന്നലെ തുടങ്ങിയ 22-ാം ആസിയാന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
ഡല്‍ഹിയില്‍നിന്ന് വെര്‍ച്വലായാണു പ്രധാനമന്ത്രി നേതാക്കളെ അഭിസംബോധന ചെയ്തത്. പല രാജ്യങ്ങളും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിയില്‍ തുടരുന്നതിനിടെയാണു പ്രധാനമന്ത്രി നിലപാട് വിശദീകരിച്ചത്.ഇരുപത്തിയൊന്നാം നൂറ്റാണ്ട് നമ്മുടേതാണെന്ന് ഇന്ത്യയെയും ആസിയാനെയും ഉദ്ദേശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
ലോകജനസഖ്യയുടെ ഏതാണ്ട് നാലിലൊന്നിനെ പ്രതിനിധീകരിക്കുന്നത് നമ്മളാണ്.ഭൂമിശാസ്ത്രം മാത്രമല്ല സംസ്കാരവും മൂല്യവുമെല്ലാം പങ്കുവയ്ക്കുന്നവരാണ് ആസിയാന്‍ രാജ്യങ്ങള്‍. വ്യാപാരത്തിലും സാംസ്കാരിക മേഖലയിലും പങ്കാളികളുമാണ്.
ആസിയാന്‍ കമ്യൂണിറ്റി വിഷന്‍ 2045 ഉം ഇന്ത്യയുടെ വികസിത് ഭാരത് 2047 ഉം ലോകത്തിന് സന്പന്നമായൊരു ഭാവി സമ്മാനിക്കും. ഭക്ഷ്യസുരക്ഷ, ഊര്‍ജ സുരക്ഷ, കാലാവസ്ഥാ മാറ്റം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കുമെന്നും മോദി പറഞ്ഞു. പ്രകൃതിദുരന്തങ്ങളില്‍ ഇന്ത്യ എപ്പോഴും ആസിയാന്‍ പങ്കാളികള്‍ക്കൊപ്പം ഉറച്ചുനിന്നിട്ടുണ്ട്. സമുദ്ര സുരക്ഷയുൾപ്പെടെ മേഖലകളിൽ സഹകരണം വ്യാപിക്കും.
ആസിയാനെ വിജയകരമായി നയിച്ച മലേഷ്യൻ പ്രസിഡന്റ് അൻവർ ഇബ്രാഹിമിനെ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.മോദിയുടെ അഭാവത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുക്കുന്നത്. ഇന്ത്യാ-പസഫിക് മേഖലയിലെ സുരക്ഷ, സമാധാനം ഉൾപ്പെടെ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.
Tags : Narendra Modi