തിരുവനന്തപുരം: ഇരുട്ടിൽ നിർത്തി കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച നടപടിയിൽ കടുത്ത പ്രതിഷേധമുയർത്തുന്ന സിപിഐയെ അനുനയിപ്പിക്കാൻ ഒത്തുതീർപ്പു ചർച്ചകൾ സജീവമായി. ധാരണപത്രത്തിലെ നിബന്ധനകൾ വിലയിരുത്താൻ സിപിഐ പ്രതിനിധികളെകൂടി ഉൾപ്പെടുത്തിയുള്ള മേൽനോട്ട സമിതിയെ നിയോഗിക്കുന്നതടക്കമുള്ള നിർദേശങ്ങൾ സിപിഎം മുന്നോട്ടു വച്ചെങ്കിലും സിപിഐ പൂർണമായി അംഗീകരിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെകൂടി സാന്നിധ്യത്തിൽ ഇന്ന് ആലപ്പുഴയിൽ നടക്കുന്ന ചർച്ചകളിൽ തർക്കത്തിനു താത്കാലിക പരിഹാരമാകുമെന്നാണ് സിപിഎം വൃത്തങ്ങളുടെ പ്രതീക്ഷ. മേൽനോട്ട സമിതി പരിശോധിക്കുന്ന നിർദേശങ്ങൾ പിന്നീട് എൽഡിഎഫിൽ ചർച്ച ചെയ്തശേഷം തുടർ തീരുമാനമെടുക്കാമെന്നാണു ധാരണ.
സിപിഎം മുന്നോട്ടു വച്ചിട്ടുള്ള ഒത്തുതീർപ്പു നിർദേശങ്ങൾ ഇന്ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്താകും ഇക്കാര്യത്തിൽ എന്തു നയപരമായ സമീപനം സ്വീകരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങൾ ബഹിഷ്കരിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്താകും അന്തിമ തീരുമാനത്തിൽ എത്തുക.
ഇടതു നയത്തിൽനിന്നു വ്യതിചലിച്ച് സംഘപരിവാർ അജൻഡ എല്ലാ മേഖലയിലും രഹസ്യമായി നടപ്പാക്കുന്നതിലാണ് സിപിഐക്ക് കടുത്ത എതിർപ്പുള്ളത്. ഇത്തരത്തിലുള്ള പല കാര്യങ്ങളും മന്ത്രിസഭയിൽപോലും ചർച്ച ചെയ്യാതെ തങ്ങളെ ഇരുട്ടിൽ നിർത്തി നടപ്പാക്കുന്നുവെന്നാണ് സിപിഐയുടെ പരാതി.
ഏതു നിമിഷവും പിൻവലിക്കാൻ കഴിയുന്നതാണ് ധാരണപത്രമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം തെറ്റാണെന്ന് സിപിഐ നിർദേശിച്ച നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിപിഐ നിലപാട്. ഇതിനാലാണ് നയപരമായ ചർച്ച നടത്തി തീരുമാനത്തിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎമ്മും മുഖ്യ ഘടകകക്ഷിയായ സിപിഐയും ഇടയുന്നത് ഏറെ തിരിച്ചടിയാകുമെന്ന പേടിയും ഇരുവിഭാഗങ്ങൾക്കുമുണ്ട്.ഇതിനാൽ ഇരു വിഭാഗത്തിനും കേടുപാടുണ്ടാകാത്ത വിധത്തിലുള്ള ഒത്തുതീർപ്പു ഫോർമുലയുമായി മുന്നോട്ടു പോകണമെന്ന നിർദേശവും ഇരുവിഭാഗവും നൽകുന്നു.
ഒപ്പിട്ടിട്ട് എതിര്‍ക്കുന്നതില്‍ എന്തു കാര്യമെന്ന് സാംസ്കാരിക നായകര്‍
കോഴിക്കോട്: നരേന്ദ്ര മോദി സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടശേഷം ദേശീയ വിദ്യാഭ്യാസനയത്തെ ഞങ്ങള്‍ ഇപ്പോഴും എതിര്‍ക്കുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് സാംസ്കാരിക നായകര്‍.
സര്‍വ ശിക്ഷാ അഭിയാന് (എസ്എസ്എ) പദ്ധതിയുടെ പണം അനുവദിക്കാന്‍ പിഎം ശ്രീയില്‍ ഒപ്പുവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടിത്തത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിക്കു മുന്നില്‍ നാണംകെട്ട കീഴടങ്ങലിനു തയാറായ സംസ്ഥാന സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കാന്‍ കേന്ദ്രത്തിനു കൂട്ടുനില്‍ക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഈ നയപരമായ മാറ്റം എവിടെയും ചര്‍ച്ച ചെയ്തല്ല തീരുമാനിച്ചത്. സംസ്ഥാന മന്ത്രിസഭയെത്തന്നെ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു.
മന്ത്രിസഭ മാറ്റിവച്ച പദ്ധതിയുടെ ധാരണാപത്രത്തിലാണ് വകുപ്പു സെക്രട്ടറി ഒപ്പുവച്ചിരിക്കുന്നത്. ഇത് ജനാധിപത്യത്തെ കളങ്കപ്പെടുത്തലാണ്. കളങ്കിതമായ ധാരണാപത്രം വഴി കൈവരുന്ന 1500 കോടി രൂപയേ ക്കാള്‍ വിലയുണ്ട് നാം ഉയര്‍ത്തിപ്പിടിച്ചുപോന്ന മൂല്യങ്ങള്‍ക്ക്. അതുകൊണ്ട് എത്രയും വേഗം കരാറില്‍നിന്ന് പിന്‍വാങ്ങണമെന്നും സാംസ്കാരിക നേതാക്കള്‍ കൂട്ടായി ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.
കെ. സച്ചിദാനന്ദന്, ബി. രാജീവന്, സാറാ ജോസഫ്, ജെ. ദേവിക, എം.എന്‍. കാരശേരി, യു.കെ. കുമാരന്, ജോയ് മാത്യു, കല്‍പ്പറ്റ നാരായണന്, ഡോ. എം.വി. നാരായണന്, ജെ. പ്രഭാഷ്, ഹമീദ് ചേന്നമംഗലൂര്‍, അപ്പുക്കുട്ടന് വള്ളിക്കുന്ന്, അജിത, പ്രിയനന്ദന്, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവരടക്കം 76 സാംസ്കാരിക നായകരുടെ പേരാണ് പ്രസ്താവനയിലുള്ളത്.
Tags : PM Shri