കർണൂൽ: കർണൂലിൽ ബൈക്കുമായി കൂട്ടിയിച്ച് കത്തിയമർന്ന ബസിനുള്ളിൽപ്പെട്ട് മരണമടഞ്ഞ പത്തു പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കു കൈമാറി. മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകളും നൽകിയെന്ന് ജില്ലാ കളക്ടർ എ. സിരി അറിയിച്ചു. കര്‍ണൂലിലെ ഉള്ളിന്ദാകൊണ്ടയ്ക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ കാവേരി ട്രാവല്‍സ് കമ്പനിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽപ്പെട്ട് 20 പേരാണു മരിച്ചത്.
ബൈക്ക് യാത്രികർ മദ്യപിച്ചതായി സ്ഥിരീകരിച്ചു
കർണൂൽ: ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്ക് ഓടിച്ചിരുന്ന ശിവശങ്കറും അപകടത്തിൽ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ശിവശങ്കർ മീഡിയനിലേക്കു തലയടിച്ചു വീഴുകയായിരുന്നു. ശിവശങ്കറും സഹയാത്രികനായ സ്വാമിയും മദ്യപിച്ചിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതായി കർണൂൽ റേഞ്ച് ഡിഐജി പറഞ്ഞു. യാത്രയ്ക്കിടെ മറ്റൊരു അപകടത്തെയും ഇരുവരും അഭിമുഖീകരിച്ചിരുന്നു.
യാത്ര തുടങ്ങിയത് പുലർച്ചെ രണ്ടിന്
കർണൂൽ: അപകടദിവസം പുലർച്ചെ രണ്ടുമണിക്കു ശിവശങ്കറിന്റെ ലക്ഷ്മിപുരത്തെ വസതിയിൽനിന്നാണ് ഇരുവരും യാത്ര തുടങ്ങിയത്. തുഗ്ഗലിയിലുള്ള വീട്ടിൽ സ്വാമിയെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ചിന്നതെക്കുരുവിലെത്തിയപ്പോൾ ബൈക്ക് ചെറിയൊരു അപകടത്തിൽപ്പെട്ടു. യാത്ര തുടർന്ന ഇരുവരും 2.24 ന് കിയ കാർ ഷോറൂമിനു സമീപം പെട്രോൾ പന്പിൽ ബൈക്ക് നിർത്തി. ഇതിനിടെ ശങ്കർ അലക്ഷ്യമായി ബൈക്ക് കൈകാര്യംചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പെട്രോൾ പന്പിലെ സുരക്ഷാ കാമറയിൽ പതിഞ്ഞിരുന്നു. ഇവിടെനിന്നു യാത്ര പുനരാരംഭിച്ച് ഏതാനും നിമിഷങ്ങൾക്കം ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
വലതുഭാഗത്തേക്ക് തെറിച്ചുവീണ ശങ്കറിന്റെ തല ഡിവൈഡറിൽ ഇടിച്ചയുടൻ മരണം സംഭവിച്ചു. ദിവസങ്ങളായി തുടരുന്ന മഴയും അപകടത്തിനു കാരണമായി. പരിക്കേൽക്കാതെ രക്ഷപ്പെട്ട സ്വാമി ഇതിനിടെ ശങ്കറിനെ എടുത്ത് റോഡിലേക്കു കിടത്തി. ബസിന്റെ അടിയിൽനിന്ന് ബൈക്ക് വലിച്ചെടുക്കാൻ ശ്രമിക്കുന്പോഴേക്കും വാഹനം മുന്നോട്ടു നീങ്ങി. ഭയചകിതനായ ഇയാൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട് തുഗ്ഗലിയിലെ വീട്ടിലെത്തി ഒളിച്ചിരിക്കുകയായിരുന്നു. പോലീസ് ഇയാളെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് അപകടം സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്.
ഡ്രൈവർ രക്ഷപ്പെട്ടു;മറ്റൊരാൾ രക്ഷകനായി
കർണൂൽ: ബൈക്ക് ഇടിച്ചതാണോ അപകടത്തിനു കാരണമായതെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ബസ് ഡ്രൈവർ മിരിയാല ലക്ഷ്മയ്യയുടെ മറുപടി. ഇടിച്ചെന്ന് ബോധ്യമായതോടെ ബ്രേക്ക് ചവിട്ടി. തീ ആളിപ്പടർന്നതോടെ യാത്രക്കാർ ഇറങ്ങുന്ന വാതിലിനു സമീപം എത്തി. മറ്റൊരു ഡ്രൈവറായ ശിവനാരായണയെ ഉണർത്തി. തുടർന്ന് സംഭവസ്ഥലത്തുനിന്നും ഇയാൾ മുങ്ങി.
അതേസമയം, അപകടത്തിന്റെ തീവ്രത ബോധ്യമായ ശിവനാരായണ ജാക്കി ഉപയോഗിച്ച് ജനലുകൾ തകർത്ത് 19 യാത്രക്കാർക്കു രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു.
Tags : Kurnool