സമരത്തോടു മുഖംതിരിച്ച് സിപിഎം; സിപിഐ സമരത്തിൽ സജീവം
1576129
Wednesday, July 16, 2025 1:27 AM IST
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്ത് ഭരിക്കുന്നത് ഇടതുമുന്നണി. മുന്നണിയിലെ സിപിഎം സമരത്തില്‍നിന്നു വിട്ടുനിൽക്കുമ്പോള് ഘടകകക്ഷിയായ സിപിഐ സമരരംഗത്തു സജീവമാണ്. കുടിവെള്ളവിഷയത്തില് ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നാണ് സിപിഐ നല്കുന്ന വിശദീകരണം.
കുടിവെള്ളപ്രശ്നം ബാധിക്കുന്ന നാലു വാര്‍ഡുകളില്‍ ആറാംവാര്‍ഡിനെ പ്രതിനിധീകരിക്കുന്നതു പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ സിപിഎം അംഗം വി.എം. കമറുദീനാണ്. നാലാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നതു സിപിഎം അംഗം മുന്‍ പഞ്ചായത്ത് പ്രസിഡന്റായ ഷീജ പവിത്രനും, ഏഴാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നതു സിപിഎം അംഗം ജയശ്രീയുമാണ്.
സിപിഎം സമരത്തില്‍നിന്നു വിട്ടുനിൽക്കുമ്പോള് അഞ്ചാംദിവസത്ത സമരം ഉദ്ഘാടനം ചെയ്തത് സിപിഐ യുവജനസംഘടനയായ എഐവൈഎഫ് കാട്ടൂര്‍ മേഖല പ്രസിഡന്റ് എൻ.ഡി. ധനേഷായിരുന്നു. കഴിഞ്ഞദിവസം നിരാഹാരമിരുന്നവരില് എഐവൈഎഫ് ജോയിന്റ് സെക്രട്ടറി സാബു പോളായിരുന്നു.
എല്‍ഡിഎഫ് നേതൃയോഗങ്ങള്‍ ഈ വിഷയം ചര്‍ച്ചചെയ്താല്‍ സിപിഎമ്മിന്റെ നിലപാടിനെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടാണ് സിപിഐയുടേത്. നേതൃത്വത്തിന്റെ നിര്‍ദേശങ്ങളെ മറികടന്നാണ് പല സിപിഎം അംഗങ്ങളും സമരത്തില്‍ പങ്കെടുത്തത്. മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ കഴിഞ്ഞദിവസം നടന്ന മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തിരുന്നു.