ഉറപ്പുകൾ പ്രഹസനം; കുരുക്കിനു പരിഹാരമില്ല
1576126
Wednesday, July 16, 2025 1:27 AM IST
സ്വന്തം ലേഖകർ
എറണാകുളം- തൃശൂർ ദേശീയപാത 544 ലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഹൈക്കോടതി നൽകിയ സമയപരിധി അവസാനിക്കുന്പോഴും റോഡുകൾ പഴയപടി. ഒരാഴ്ചയ്ക്കകം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ നിർത്തുമെന്നായിരുന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഹൈക്കോടതി നിർദേശം കണക്കിലെടുക്കാതെ ദേശീയപാത അഥോറിറ്റിയുടെ മെല്ലെപ്പോക്ക് ഇന്നലെയും തുടർന്നു.
ചിറങ്ങര, മുരിങ്ങൂർ, പേരാന്പ്ര, ആന്പല്ലൂർ, മുടിക്കോട്, കല്ലിടുക്ക്, വാണിയന്പാറ എന്നിവിടങ്ങളിലെ അടിപ്പാതനിർമാണമാണു പ്രതിസന്ധിയാകുന്നത്. സർക്കാരുമായി ചർച്ചചെയ്തു പരിഹാരമുണ്ടാക്കുമെന്നു ദേശീയപാത അഥോറിറ്റി ഉറപ്പുനൽകിയിരുന്നെങ്കിലും ഇന്നലെ വൈകിട്ടും ഈ മേഖലകളിൽ വാഹന യാത്രികരുടെ ദുരിതത്തിനു പരിഹാരമൊന്നുമുണ്ടായിട്ടില്ല.
മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലകളിൽ ഗതാഗതക്കുരുക്കും യാത്രാദുരിതവും തുടരുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ കോടതി വിധിയിൽ കണ്ണുംനട്ടിരിക്കുകയാണ് ജനങ്ങൾ. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ, വാഹനങ്ങളുടെ നീണ്ടനിരയിൽപ്പെട്ട് മണിക്കൂറുകളോളം കുരുക്കിൽ കിടന്നുവലയുന്ന സാധാരണ ജനങ്ങൾക്ക് ഏകപ്രതീക്ഷ ഇനി കോടതി മാത്രമാണ്. യാത്രാദുരിതത്തിന് അറുതി വരുത്തുവാൻ യാതൊരു ക്രിയാത്മക ഇടപെടലും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സ്വച്ഛസഞ്ചാരം സാധ്യമാകാത്ത റോഡിൽ യാത്രക്കാർ ടോൾ നൽകുന്നതെന്തിനെന്ന പ്രസക്തമായ ചോദ്യത്തിന് ഒരു തീർപ്പ് ഇന്നു കോടതിയിൽനിന്നു ജനം പ്രതീക്ഷിക്കുന്നുണ്ട്.
ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഹൈവേ അധികൃതരും കരാർ കമ്പനിയും മാസങ്ങളായി ജനങ്ങൾക്കു നൽകുന്ന ഓരോ ഉറപ്പുകളും സമയപരിധികളും ജലരേഖകളായി മാറി. വാഹനങ്ങൾ കടത്തിവിടാൻ ബദൽ റോഡുകൾ ഒരുക്കാതെ പ്രധാനപാത വെട്ടിപ്പൊളിച്ചതുതന്നെ ആസൂത്രണത്തിലെ പരാജയമാണ്.
അടിപ്പാത - മേൽപ്പാല നിർമാണം നടക്കുന്ന ഇടങ്ങളിൽ പ്രവൃത്തികൾ കൃത്യമായി ഏകോപിപ്പിക്കാൻ എൻഎച്ച്എഐക്ക് കഴിയുന്നില്ല. വിരലിലെണ്ണാവുന്ന തൊഴിലാളികൾമാത്രമാണ് ചിറങ്ങരയിലും മുരിങ്ങൂരിലുള്ളത്. മഴയ്ക്കു ചെറിയൊരു ശമനമുണ്ടായാൽ ബദൽറോഡ് ടാർ ചെയ്യാമെന്ന ഉറപ്പ് വൃഥാവിലായി. കൊരട്ടി ജംഗ്ഷനിലെ വെള്ളക്കെട്ടുനിവാരണത്തിന് ഈ മാസം ആദ്യവാരം പണിതുടങ്ങുമെന്ന പ്രോജക്ട് ഡയറക്ടറുടെ ഉറപ്പും വെറുതെയായി.
മഴ പെയ്താൽ റോഡിൽ ചെളിയും വെള്ളക്കെട്ടുമാണെങ്കിൽ മഴയൊന്നു മാറിനിന്നാൽ പ്രദേശം മുഴുവൻപൊടിപടലമാണ്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ ഗ്രാമീണവഴികളും പൊതുമരാമത്തു പാതകളും തകർന്നു. അറ്റകുറ്റപ്പണികൾ ചെയ്തുതരാൻ എൻഎച്ച്എഐ വിമുഖത കാണിച്ചതോടെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകൾ.
അടിപ്പാതനിര്‍മാണം നടക്കുന്ന ആമ്പല്ലൂരില്‍ സര്‍വീസ് റോഡിലെ കുഴികള്‍ നികത്താത്തതു പ്രതിഷേധത്തിനിടയാക്കുന്നു. അടിപ്പാതയുടെ ഇരുഭാഗത്തുമുള്ള റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഴ കനത്തതോടെ കുഴികളില്‍ വെള്ളംകെട്ടിനില്ക്കുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുന്നു.
ഇരുചക്രവാഹനയാത്രക്കാരാണ് ഏറെയും കുഴികളില്‍ തെന്നിവീഴുന്നത്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്നതിനായി കുഴികളില്‍ മണ്ണിട്ടുനികത്തുന്ന പ്രഹസനമാണ് ആമ്പല്ലൂരില്‍ നടക്കുന്നത്. മഴപെയ്താല്‍ ചെളിക്കുണ്ടായി മാറുകയാണ് റോ ഡുകൾ.