മുള്ളൂർക്കര റെയിൽവേ മേൽപ്പാലം: മണ്ണുപരിശോധന നടത്തി
1576117
Wednesday, July 16, 2025 1:27 AM IST
വടക്കാഞ്ചേരി: മുള്ളൂർക്കര റെയിൽവേ മേൽപ്പാലം നിർമാണത്തിന്റെ ആദ്യഘട്ടമായി മണ്ണുപരിശോധന നടന്നു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
കെആർഡിസിഎൽ റെയിൽവേ ഓവർബ്രിഡ്ജ് സെക്ഷൻ എൻജിനീയർ നിതിൻ ജോസഫ് പരിശോധനയ്ക്ക് നേതൃത്വംനൽകി. ഏകദേശം 700 മീറ്ററോളം നീളത്തിലാണ് പാലം. റോഡിനു മാത്രമായി ഏഴരമീറ്റർ വീതിവരും. ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. ഒരുവർഷത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി 15 മാസത്തിനകം പാലം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം കെ. രാധാകൃഷ്ണൻ എംപി സന്ദർശിച്ചു. വടക്കാഞ്ചേരി, വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മുള്ളൂർക്കര ലെവൽക്രോസിന് പകരമായി നിർമിക്കുന്ന റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമാണച്ചെലവ് നൂറുശതമാനം റെയിൽവേ വഹിക്കും.
യു.ആർ. പ്രദീപ് എംഎൽഎ, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, സ്ഥിരംസമിതി അധ്യക്ഷന്മാരായ ശശികല സുബ്രഹ്മണ്യൻ, ഷാദിയ അമീർ, പ്രതിഭാ മനോജ്, പഞ്ചായത്തംഗം എം.പി. കുഞ്ഞിക്കോയ തങ്ങൾ, എം.എച്ച്. അബ്ദുൽസലാം, വി. രഘു എന്നിവരും ഒപ്പമുണ്ടായിരുന്നു.