പിണറായിഭരണം കോർപറേറ്റുകൾക്കും സന്പന്നർക്കുംവേണ്ടി: കെ.കെ. രമ
1544890
Thursday, April 24, 2025 1:31 AM IST
തൃശൂർ: സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന ആശാ വർക്കർമാരുടെ ന്യായമായ അവകാശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ ആർജവമില്ലാത്ത പിണറായിസർക്കാർ രാജിവയ്ക്കണമെന്നു കെ.കെ. രമ എംഎൽഎ.
ആശാ സമരത്തെ പിന്തുണച്ച് ജനകീയകൂട്ടായ്മ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കോർപറേറ്റുകൾക്കും സന്പന്നർക്കുംവേണ്ടിയാണ് പിണറായിഭരണം. കമ്യൂണിസ്റ്റ് പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം എല്ലാവിധ കമ്യൂണിസ്റ്റ് മൂല്യങ്ങളും കൈയൊഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ സമീപനം. അങ്കണവാടിക്കാർ, സകൂൾപാചകത്തൊഴിലാളികൾ തുടങ്ങിയവരോടും ഇതേ സമീപനമാണെന്നും രമ കുറ്റപ്പെടുത്തി.
പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. സാറാ ജോസഫ്, വി.ടി. ബൽറാം, ആശാ വർക്കർ സുജ ആന്റണി, കെ. അരവിന്ദാക്ഷൻ, എം.പി. സുരേന്ദ്രൻ, സോയാ ജോസഫ്, പ്രമോദ് പുഴങ്കര, ഐ. ഗോപിനാഥ്, എം.വി. സുധീപ് തുടങ്ങിയവർ പ്രസംഗിച്ചു.