മഴ, കാറ്റ് ; നഷ്ടം ഒന്നരക്കോടിയിലേറെ
1544887
Thursday, April 24, 2025 1:31 AM IST
തൃശൂർ: ജില്ലയിൽ ചൊവ്വാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും 1,66,77,000 രൂപയുടെ വ്യാപകനാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങൾ സംഭവിച്ച പുല്ലഴിയിലെ വീടും വൈദ്യുതി പോസ്റ്റുകൾ വീണു നാശം സംഭവിച്ച ഒളരി കൊട്ടിൽ റോഡ് ഭാഗവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു.
കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞുവീണുമാണു നാശനഷ്ടങ്ങളുണ്ടായത്. തൃശൂർ താലൂക്കിലാണ് കൂടുതൽ നാശം. ഒല്ലൂക്കര, അയ്യന്തോൾ, മരത്താക്കര, അരണാട്ടുകര, ഒല്ലൂർ എന്നിവിടങ്ങളിലും നാശനഷ്ടമുണ്ടായി. തൃശൂർ താലൂക്കിൽ ഒരു വീട് പൂർണമായും 47 വീടുകൾ ഭാഗികമായും തകർന്ന് 23 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
ഒല്ലൂക്കര, അന്തിക്കാട്, വെള്ളാങ്കല്ലൂർ ബ്ലോക്കുകളിൽ 126 കർഷകരുടെ 5.97 ഹെക്ടർ കൃഷി നശിച്ചതിൽ 17.86 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തൃശൂർ, ഇരിങ്ങാലക്കുട കെഎസ്ഇബി സർക്കിളിൽമാത്രം 1,13,91,000 രൂപയുടെ നാശനഷ്ടമാണുണ്ടായത്.
തൃശൂർ താലൂക്ക് തഹസിൽദാർ ടി. ജയശ്രീ, വില്ലേജ് ഓഫിസർ ഷീജ രാജ് തുടങ്ങിയ ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു.
തൂണിന്റെ കോൺക്രീറ്റ് അടർന്നു
ചുഴലിക്കാറ്റിൽ തൃശൂർ കോർപറേഷനു സമീപത്തെ മുനിസിപ്പൽ ബിൽഡിംഗിനു മുകളിലെ മേൽക്കൂരയുടെ തൂണിന്റെ കോണ്ക്രീറ്റ് അടർന്നു താഴേക്കുവീഴാറായതു പരിഭ്രാന്തി പരത്തി. വൻഅപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. മൂന്നാംനിലയിൽനിന്നു വീഴാറായ തൂണ് ഇന്നലെ ഉച്ചയോടെ കോർപറേഷൻ ജീവനക്കാരെത്തി താഴേക്ക് ഇറക്കിയാണ് അപകടസാധ്യത ഒഴിവാക്കിയത്.
മഴപെയ്താൽ കുറുപ്പം റോഡ്
"കുഴപ്പം റോഡ്'
സ്വന്തം ലേഖകൻ
തൃശൂർ: മാസങ്ങളോളം അടച്ചിട്ടുപണിത് നവീകരിച്ച കുറുപ്പം റോഡ് ഇപ്പോൾ കുഴപ്പം റോഡായി മാറി. ഒരു ചെറുമഴ പെയ്താൽമതി കുറുപ്പം റോഡ് കുഴപ്പം റോഡാകും. യാതൊരു ആസൂത്രണവുമില്ലാതെ പണിത റോഡിൽനിന്ന് മഴവെള്ളം നേരേ കുത്തിയൊലിച്ചിറങ്ങുന്നതു ഇരുവശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കാണ്.
പണി നടക്കുന്പോൾതന്നെ വ്യാപാരികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും പരിഹാരമൊന്നും ഉണ്ടാക്കിയിരുന്നില്ല. കഴിഞ്ഞ രണ്ടുദിവസം പെയ്ത മഴയിൽ വെള്ളം കുത്തിയൊലിച്ചിറങ്ങിയപ്പോൾ കുറുപ്പം റോഡിലെ വ്യാപാരസ്ഥാപനങ്ങൾക്കു സംഭവിച്ച നഷ്ടം ചില്ലറയല്ല.
കൊക്കാലെയിലെ ദിനേഷ് കുമാറിന്റെ സ്റ്റിച്ചിംഗ് കടയിലും പി.ജി. ബിന്ദുവിന്റെ ഡോർ ഷോപ്പിലും സമീപത്തെ കൂൾഡ്രിംഗ്സ് കടയിലും വെള്ളംകയറി നാശനഷ്ടങ്ങൾ ഉണ്ടായി. സ്റ്റിച്ചിംഗ് കടയിലെ തയ്യൽ മെഷീന്റെ മോട്ടോറുകൾ, കംപ്യൂട്ടർ, തുണിത്തരങ്ങൾ, സ്വിച്ച് ബോർഡുകൾ എന്നിവ നശിച്ചു. ഡോർ കടയിലെ വിവിധ തരത്തിലുള്ള ഡോറുകൾ, സീലിംഗ് ആക്സസറികൾ, ഇരുമ്പുകോണികൾ എന്നിവയും കൂൾഡ്രിംഗ്സ് കടയിലെ സാധനങ്ങളും വെള്ളക്കെട്ടിൽ മുങ്ങി.
റോഡ് മുകളിലും കടകൾ താഴെയുമായി നിൽക്കുന്ന അവസ്ഥയാണ് കുറുപ്പം റോഡ് നവീകരണം കഴിഞ്ഞപ്പോൾ സംഭവിച്ചത്. സ്വരാജ് റൗണ്ടിൽനിന്ന് വെള്ളം കുറുപ്പം റോഡിലേക്ക് ഒഴുകിയിറങ്ങുന്നത് നേരേ കടകൾക്കുള്ളിലേക്കാണ് എത്തുന്നത്.
വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിൽ ഇഷ്ടിക വച്ച് ഉയർത്തേണ്ട അവസ്ഥയാണ് പലർക്കുമുള്ളത്. പരിഹാരം എന്തെന്ന് ആർക്കും പറയാനാകാത്ത സ്ഥിതി. വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലുമാണ്.
മൃഗശാലയിൽ
വ്യാപകനാശം,
സന്ദർശകർക്കു വിലക്ക്
തൃശൂർ: ശക്തമായ മഴയിലും കാറ്റിലും മൃഗശാലയിലും വ്യാപകനാശനഷ്ടം. കൂറ്റൻമരങ്ങൾ കടപുഴകി വീണു. ഫെൻസിംഗുകളും മതിലുകളും തകർന്നു. മൃഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. സന്ദർശകർക്കു വിവിധ ഇടങ്ങളിൽ മൃഗശാലാ അധികൃതർ താത്കാലികനിരോധനം ഏർപ്പെടുത്തി.
അവധിക്കാലമായതിനാൽ തിരക്കേറെയുണ്ടാകാറുള്ള മൃഗശാലയിൽ മരങ്ങൾ വീണതു രാത്രിയായതിനാൽ ഒഴിവായതു വൻ അപകടമാണ്. മ്ലാവിന്റെ കൂട്ടിലുള്ള ഭീമൻ പുളിമരം മതിൽ തകർത്ത് കൊല്ലങ്കോട് പാലസ് കോംപൗണ്ടിലേക്കാണ് കടപുഴകിയത്. ഹിപ്പൊപ്പൊട്ടാമസിന്റെ കുളം പൂർണമായും മരം വീണു മൂടിയ നിലയിലാണ്. രാത്രിയിൽതന്നെ മൃഗങ്ങളെ മറ്റു കൂടുകളിലേക്ക് നീക്കിയ അധികൃതർ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കുട്ടികളുടെ പാർക്കിലും കൊന്പുകൾ ഒടിഞ്ഞുവീണതിനാൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്. മഴക്കാലത്തിനു മുന്നോടിയായി അപകടകരങ്ങളായ മരക്കൊന്പുകൾ നേരത്തേതന്നെ നീക്കം ചെയ്തിരുന്നതായും ഉടൻതന്നെ കൂടുകളിൽ വീണ മരങ്ങൾ നീക്കംചെയ്ത് സന്ദർശനം അനുവദിക്കുമെന്നും സൂപ്രണ്ട് ടി.വി. അനിൽകുമാർ പറഞ്ഞു.