മാര്‍പാപ്പയുടെ അനുഗ്രഹം ഏറ്റുവാങ്ങി സഹോദരങ്ങള്‍
1544900
Thursday, April 24, 2025 1:31 AM IST
ഇരിങ്ങാലക്കുട: ഫ്രാന്‍സിസ് മാര്‍പാപ്പ കവിളില്‍ മുത്തം നല്കിയപ്പോള് ഫെര്‍ണാണ്ടോയുടെ പ്രായം രണ്ട്. ഇരിങ്ങാലക്കുട തെക്കേ അങ്ങാടി കോനിക്കര ബിജുവിന്റെയും സിമിയുടെയും മകനാണ് ഫെര്‍ണാണ്ടോ. 2018 മാര്‍ച്ച് ഏഴിനാണ് കുടുംബത്തോടൊപ്പം വത്തിക്കാനില്‍ പാപ്പായെ കാണാനും അനുഗ്രഹം വാങ്ങാനും ഭാഗ്യം ലഭിച്ചത്.
ഇക്കഴിഞ്ഞ 21 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്ര ലില്‍ ഫെര്‍ണാണ്ടോയുടെ ആദ്യകുര്‍ ബാന സ്വീകരണമായിരുന്നു. അതിഥികൾക്കു നല്‍കിയത് മാര്‍പാപ്പ തന്നെ ആശ്ലേഷിക്കുന്ന ചിത്രമുള്ള കാര്‍ഡായിരുന്നു.
ആദ്യകുര്‍ബാനസ്വീകരണം പള്ളിയില്‍ സമാപിച്ചശേഷമാണ് പാപ്പായുടെ വിയോഗവാര്‍ത്ത അറിഞ്ഞത്. ആദ്യകുര്‍ബാനസ്വീകരണത്തിന് അനുഗ്രഹപത്രവും മാര്‍പാപ്പയില്‍നിന്നു ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ഫെര്‍ണാണ്ടോ. സഹോദരി ട്രെയ്സിലിനും ഫ്രാന്‍സീസ് പാപ്പായുടെ അനുഗ്രഹം ലഭിച്ചിരുന്നു, 2013 ൽ. ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രോട്ടോക്കോള്‍ ഓഫീസറാണ് ബിജു കോനിക്കര. മാര്‍പാപ്പയുടെ വിയോഗമറിഞ്ഞതോടെ അവധിയെല്ലാം വെട്ടിച്ചുരുക്കി ജോലിയില്‍ പ്രവേശിക്കുന്ന തിനായി ഇന്നു പുലര്‍ച്ചെ റോമിലേക്ക് യാത്രതിരിക്കും. ബിജുവിനൊപ്പം ഭാര്യ സിമിയും മക്കളായ ട്രെയ്സിലിനും ഫെര്‍ണാണ്ടോയും രണ്ടുവയസുകാരി ജുസെപ്പീനയും ഒപ്പമുണ്ട്. പാപ്പയുടെ സംസ്കാരചടങ്ങുകളില്‍ സാക്ഷിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.