സംഗീത ആൽബം പാപ്പാ പ്രകാശനംചെയ്ത ഓർമയിൽ പാടുംപാതിരി
1544888
Thursday, April 24, 2025 1:31 AM IST
തൃശൂർ: ഫ്രാൻസിസ് മാർപാപ്പ സംഗീത ആൽബം പ്രകാശനംചെയ്ത ഓർമയിൽ പാടുംപാതിരി റവ.ഡോ. പോൾ പൂവത്തിങ്കൽ സിഎംഐ. കഴിഞ്ഞ നവംബർ പതിനാലിനാണു പാപ്പായെ നേരിൽകാണാനും സർവേശ എന്ന തന്റെ ആൽബത്തിന്റെ കോപ്പി സമർപ്പിക്കാനും അവസരം ലഭിച്ചത്. രാവിലെ പത്തരയ്ക്കു പേപ്പൽ ഹാളിലേക്കു പ്രവേശിച്ച പാപ്പായെ കാണാൻ നൂറുകണക്കിന് ആളുകളാണു എത്തിയിരുന്നത്. ഊഴമെത്തിയതോടെ വയലിനിസ്റ്റ് മനോജ് ജോർജിനൊപ്പം ആൽബത്തിന്റെ കോപ്പി നൽകി.
ഇത് എനിക്കാണോ എന്നു സന്തോഷത്തോടെ ചോദിച്ചാണ് അദ്ദേഹം അതു സ്വീകരിച്ചത്. ആൽബത്തിന്റെ പോസ്റ്ററിൽ കൈയൊപ്പുവേണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം ഫാ. പോളിന്റെ കൈയിൽനിന്നു പേന വാങ്ങി ഒപ്പുവച്ചു. തുടർന്ന് ഇരുവരുടെയും ശിരസിൽ കൈവച്ച് പാപ്പാ അനുഗ്രഹിച്ചു.
ദൈവം നേരിട്ടിറങ്ങിയ നിമിഷങ്ങളായിരുന്നു അതെന്നും പാവങ്ങളുടെ ഇടയനു ഹസ്തദാനം നൽകി പൂർണനിറവോടെയാണ് പേപ്പൽ ഹൗസിന്റെ പടിയിറങ്ങിയതെന്നും ഫാ. പോൾ ഓർമിക്കുന്നു.