ആനച്ചമയ പ്രദർശനം: മോഷണം ആക്രമണമായി; 70,000 രൂപ നഷ്ടം
1544899
Thursday, April 24, 2025 1:31 AM IST
വടക്കേക്കാട്: ആനച്ചമയ പ്രദർശനത്തിൽ മോഷണം. 70,000 രൂപയുടെ നഷ്ടം. ഞമനേങ്ങാട് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആനച്ചമയ പ്രദർശനത്തിൽ നിന്ന് വെൺചാമരം, നെറ്റിപ്പട്ടത്തിൽ പതിച്ച സ്വർണനിറത്തിലുളള ഗോളം എന്നിവയാണ് മോഷണം പോയത്. ചക്കിത്തറ റോഡരികിൽ പന്തൽകെട്ടി വെച്ചിരുന്ന സംഘമിത്ര പൂരാഘോഷ കമ്മിയുടെ പ്രദർശനത്തിലാണ് മോഷണം നടന്നത്.
എന്നാൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് ആനച്ചമയങ്ങൾ ചിലർ നശിപ്പിച്ചതാണെന്ന് പോലീസ് അറിയിച്ചു. ഗാനമേളയ്ക്കിടയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നതിന്റെ വൈരാഗ്യത്തെ തുടർന്ന് ചമയങ്ങൾ നശിപ്പിക്കുകയായിരുന്നു. വടക്കേക്കാട് പോലീസ് കേസെടുത്തു. ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തു. ഗുരുവായൂർ എസിപി ടി.എസ്. സിനോജ് , വടക്കേക്കാട് എസ്എച്ച്ഒ അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.