കെഎസ്യുവിനും മാധ്യമങ്ങൾക്കും മുന്നറിയിപ്പ്; അടിച്ചാൽ തിരിച്ചടിക്കുമെന്ന് എസ്എഫ്ഐ
1509433
Thursday, January 30, 2025 1:42 AM IST
തൃശൂർ: കാലിക്കട്ട് ഡി സോണ്‍ കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കെഎസ്യു പ്രവർത്തകർക്ക് എതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയ പ്രവർത്തകർ മാധ്യമസ്ഥാപനത്തിലേക്കും പ്രകടനം നടത്തി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാരംഭിച്ച പ്രകടനം ശക്തൻ മാർക്കറ്റിനു സമീപം പോലീസ് തടഞ്ഞു. തുടർന്നുനടന്ന ധർണ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഉദ്ഘാടനംചെയ്തു.
കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും കയറൂരിവിട്ട ക്രിമിനൽ സംഘങ്ങളാണ് കെഎസ്യുവും എംഎസ്എഫുമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയെ ആക്രമിച്ച് ഭയപ്പെടുത്താൻ ശ്രമിച്ചാൽ അതേനാണയത്തിലാകും എസ്എഫ്ഐയും തിരിച്ചടിക്കുക. തീക്കട്ടയിലാണ് ഉറുന്പ് അരിച്ചിരിക്കുന്നത്. അടിക്ക് തിരച്ചടി അറിയാത്തവരല്ല എസ്എഫ്ഐക്കാരെന്നും കെഎസ്യു ക്രിമിനൽ സംഘങ്ങളെ കേരളത്തിലെ വിദ്യാർഥികളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച സാനു വിവിധ കലാലയങ്ങളിലായി നിരവധി ആക്രമണങ്ങൾക്ക് ഇരയായ എസ്എഫ്ഐയെ അക്രമികളായി ചിത്രീകരിക്കുന്നതിൽ മാധ്യമങ്ങൾക്കു വലിയ പങ്കുണ്ടെന്ന് ആരോപിച്ചു. വാർത്തയിൽ നിക്ഷ്പക്ഷത പാലിച്ചിലെങ്കിൽ മാധ്യമങ്ങളും പൊതുസമൂഹത്തോടു മാപ്പ് പറയേണ്ടി വരുമെന്നും അതെല്ലെങ്കിൽ എസ്എഫ്ഐ അത് പറയിപ്പിക്കുമെന്നും മുന്നറിയിപ്പുനൽകി. ഡിസോണ്‍ കലോത്സവത്തിന്റെ നിലവാരം തകർക്കാനാണ് കെഎസ്യു ശ്രമിച്ചത്. അത് ചോദ്യം ചെയ്തതിനാണ് അവർ ആക്രമണം നടത്തിയത്.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആർ. വിഷ്ണു, കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്, നേതാക്കളായ ഇ. അഫ്സൽ, കെ.യു. സരിത തുടങ്ങിയവർ നേതൃത്വം നൽകി.
അക്രമം തുടർന്നാൽ തിരിച്ചടിക്കും:
വി.കെ. ശ്രീകണ്ഠൻ എംപി
തൃശൂർ: ഡി സോണ്‍ കലോത്സവം അലങ്കോലമാക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞതിന്റെ പേരിൽ ജില്ലയിലെ കാന്പസുകളിൽ കെഎസ്യു പ്രവർത്തകരെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കില്ലെന്നു ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി. ഇതെല്ലാം സിപിഎം അറിഞ്ഞിട്ടാണെങ്കിൽ നിർത്തിവയ്ക്കുന്നതാണു നല്ലത്. എസ്എഫ്ഐയുടെ താലിബാനിസം അനുവദിക്കില്ല. ഇതുവരെ കൈയടക്കിവച്ച കലാലയ ഭരണവും കോളജ് യൂണിയനുകളും നഷ്ടപ്പെടുന്നതിൽ വിളറിപൂണ്ടാണു എസ്എഫ്ഐ കാന്പസുകളിൽ അക്രമം അഴിച്ചുവിടുന്നത്. ഇടതുസർക്കാരിനോടുള്ള യുവാക്കളുടെയും വിദ്യാർഥികളുടെയും എതിർപ്പു ശക്തമാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.