പോത്താനി പാടശേഖരത്തിൽ കാട്ടുപന്നിയിറങ്ങി നാശംവിതച്ചു
1509426
Thursday, January 30, 2025 1:42 AM IST
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസംവരെ കപ്പ കൃഷിയും തെങ്ങിന് തൈകളുമാണ് നശിപ്പിച്ചതെങ്കില്‍ രണ്ടു ദിവസമായി നെല്‍കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്.
കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായതോടെ ഭയത്തിലാണു പടിയൂര്‍ മേഖലയിലെ കര്‍ഷകര്‍. കിഴക്കേ പോത്താനി പാടശേഖരത്തിലെ നെല്‍ കൃഷിയിടങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായത്. കുന്നത്തുപറമ്പില്‍ വീട്ടില്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കൊയ്യാന്‍ പാകമായ നെല്‍കൃഷിയാണ് നശിപ്പിച്ചിരിക്കുന്നത്.
കാട്ടുപന്നിയുടെ ആക്രമണത്തോടെ ദുരിതത്തിലായിരിക്കുകയാണ് കര്‍ഷകര്‍. പാടശേഖരത്തോടു ചേര്‍ന്നുള്ള മാരാത്ത് വീട്ടില്‍ സുധിയുടെ പറമ്പിലെ മത്തകൃഷിയും പൊട്ടുവെള്ളരികൃഷിയും നശിപ്പിച്ചിട്ടുണ്ട്. തീപ്പന്തം കത്തിച്ചും പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും കാട്ടുപന്നികളെ തുരത്താനുള്ള ശ്രമം കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയിരുന്നു. നെല്‍കൃഷി നശിച്ച പാടശേഖരങ്ങളില്‍ പടിയൂര്‍ പഞ്ചായത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ കെ.കെ. മായ, വി.എസ് സുകന്യ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പറമ്പിലും പാടശേഖരത്തിലും കാട്ടുപന്നിയുടെ കാല്പാടുകളുണ്ട്. കുറച്ച് ദിവസം മുമ്പ് കാട്ടുപന്നിയെ നാട്ടുകാര്‍ നേരിട്ടുകണ്ടിരുന്നു. സന്തോഷ് ഉച്ചയ്ക്ക് ജംഗ്ഷനില്‍ വന്ന് തിരികെ വീട്ടിലേക്കുപോകുമ്പോള്‍ കാട്ടുപന്നികള്‍ റോഡ് മുറിച്ചു കടക്കുന്നതായാണ് കണ്ടത്.
ജനവാസ കേന്ദ്രമായിട്ടും കാട്ടുപന്നികള്‍ ഇവിടെ എത്തിചേര്‍ന്നത് എങ്ങിനെയാണെന്ന ആശങ്കയിലാണു പ്രദേശവാസിക ൾ. മലയോര മേഖലയില്‍ നിന്നും തടിയും മറ്റു സാധനങ്ങളുമായി വരുന്ന ലോറികളില്‍ കുടുങ്ങിയതാകാം ഇവയെന്നാണു സംശയം.