ഡ്രൈവിംഗിനിടെ ചാറ്റും റീൽസും; അപകടവാതിൽ തുറന്ന് യുവതലമുറ
1599236
Monday, October 13, 2025 1:18 AM IST
സി.ജി. ജിജാസൽ
തൃശൂർ: ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിക്കുന്നത് ഇപ്പോൾ ഔട്ട് ഓഫ് ഫാഷനായി! വാഹനമോടിക്കുമ്പോൾതന്നെ റീൽസ് കാണലും ചാറ്റിംഗും തുടങ്ങി കൂടുതൽ അപകടകരമായ ശീലങ്ങളിലേക്കാണ് യുവതലമുറ ഇന്നു വഴിമാറുന്നത്. ചിരിച്ചുകൊണ്ട് ഫോണിൽ മുഴുകുന്ന ഈ യാത്രകൾ പലർക്കും കണ്ണീരിനു കാരണമാകുമ്പോഴും അതിന്റെ ഗൗരവം യൂത്തിനു ബോ ധ്യപ്പെടുന്നില്ല.
സംസ്ഥാനത്തു ദിവസേനയുണ്ടാകുന്ന അപകടങ്ങളിൽ ഫോണിന്റെ അമിത ഉപയോഗം പ്രധാന കാരണമാണെന്നു ഗതാഗതവകുപ്പ് വ്യക്തമാക്കുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ എഐ കാമറകളും വീഡിയോ നിരീക്ഷണങ്ങളും പിഴവ്യവസ്ഥകളും നിയമലംഘനങ്ങൾ കുറയ്ക്കാൻ ശ്രമിക്കുന്പോഴും, ഫോണിൽ മുഴുകി ഡ്രൈവ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുകതന്നെയാണ്.
മോട്ടോർ വാഹന നിയമം 1988 പ്രകാരം ഡ്രൈവ് ചെയ്യുന്പോൾ ഫോൺ ഉപയോഗിക്കുന്നതു നിയമലംഘനമാണ്. സെക്ഷൻ 184 പ്രകാരം അപകടം സൃഷ്ടിക്കുന്ന ഡ്രൈവിംഗിന് 2,000 രൂപ മുതൽ 5,000 രൂപ വരെ പിഴയും, കുറ്റം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഷനുംവരെ ലഭിക്കാം.
എങ്കിലും, നിയമം അറിയാവുന്ന ഡ്രൈവർമാരിൽപോലും ബോധവത്കരണത്തിന്റെ കുറവ് വ്യക്തമാണ്. ഹെൽമെറ്റ് ഇല്ലാതെ ഫോണിൽ മുഴുകി യാത്രചെയ്യുന്നവരേറെ. കാൽനടയാത്രികർവരെ ഇപ്പോൾ മൊബൈൽ സ്ക്രീനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വില്ലൻ, സോഷ്യൽ മീഡിയ
റോഡിൽ ശ്രദ്ധ നഷ്ടപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയയ്ക്കു വലിയ പങ്കുണ്ട്. റീൽസ് കാണാനും ലൈവിൽ വരാനുമുള്ള ആകാംക്ഷ, യാത്രയ്ക്കിടെ തന്നെ വീഡിയോ പകർത്താനും പോസ്റ്റ് ചെയ്യാനുമുള്ള മോഹം തുടങ്ങിയവ നിരവധി യുവാക്കളെയും യുവതികളെയും അപകടത്തിലേക്കു തള്ളിവിടുന്നു. ലൈക്കുകൾക്കും കമന്റുകൾക്കുംവേണ്ടിയുള്ള മത്സരത്തിനിടെ പലരും ഡ്രൈവിംഗിലെ ഉത്തരവാദിത്വം മറക്കുന്നു. റോഡിലെ യാത്രയാണോ റീലിലെ പ്രകടനമാണോ പ്രധാനം എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോൾ വ്യക്തമല്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മൊബൈൽ സ്റ്റാൻഡുകളും പ്രശ്നം
ഇരുചക്രവാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ സ്റ്റാൻഡുകൾ പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു. യാത്രയ്ക്കിടെ ഫോൺസ്ക്രീനിൽ റീൽസ്, നാവിഗേഷൻ, ചാറ്റ് തുടങ്ങിയവ കാണാനാകുന്നതിനാൽ ഡ്രൈവറുടെ ശ്രദ്ധ പൂർണമായി വഴിമാറുകയാണ്. മുന്പ് കൈയിൽ പിടിച്ചുകൊണ്ടുള്ള ഫോൺ ഉപയോഗം അപകടസാധ്യത കൂട്ടിയിരുന്നു. ഇപ്പോൾ സ്റ്റാൻഡുകൾ ഫോൺ ഉപയോഗം കൂടുതൽ എളുപ്പമാക്കി.
പലരും യാത്രയ്ക്കിടെ വീഡിയോ റിക്കാർഡ് ചെയ്യുന്നതിനും ലൈവിൽ വരുന്നതിനുമുള്ള സൗകര്യമായി സ്റ്റാൻഡുകൾ ഉപയോഗിക്കുന്നു.
ഗതാഗതവകുപ്പ്, എംവിഡി, പോലീസ് എന്നിവർ ബോധവത്കരണ പരിപാടികളും പരിശോധനകളും നടത്തുന്നുവെങ്കിലും, യുവതലമുറയുടെ മനോഭാവത്തിൽ മാറ്റംവരാതെ ഗുണമുണ്ടാവില്ലെന്നതാണ് അവസ്ഥ. ഫോണിൽ മുഴുകി ഡ്രൈവ് ചെയ്യുന്നത് അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നതിനും ഗുരുതരമായ പരിക്കുകൾക്കും ഒപ്പം ഇൻഷ്വറൻസ് നഷ്ടപ്പെടുന്നതുൾപ്പെടെ പല പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.