സുകുമാരൻ നായരുടെ തീരുമാനം നായർ സമുദായത്തിന് അപമാനം: തിരുവില്വാമല കരയോഗം
1599235
Monday, October 13, 2025 1:18 AM IST
തിരുവില്വാമല: ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെടുത്ത തീരുമാനത്തിനെതിരേ കരയോഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു.
ഇന്നലെ ചേർന്ന തിരുവില്വാമല ടൗൺ എൻഎസ്എസ് കരയോഗം ജനറൽബോഡി യോഗത്തിൽ, സുകുമാരൻ നായരുടെ അനവസരത്തിലെ തീരുമാനം നായർ സമുദായത്തിന് അപമാനമാണെന്ന് അംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കരയോഗ മന്ദിരത്തിൽ ഇന്നലെ രാവിലെ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എൻ. രാംകുമാർ അധ്യക്ഷനായിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത സമുദായ സ്നേഹികളെ ഉപദ്രവിക്കുകയും അവർക്കെതിരേയെടുത്ത കേസുകൾ ഇന്നും നിലനിൽക്കുകയും ചെയ്യുമ്പോൾ കണ്ണടച്ചിരുട്ടാക്കി സുകുമാരൻ നായരുടെ നടപടി ഉചിതമായില്ലെന്ന് അംഗങ്ങൾ പറഞ്ഞു.
ഈ കാര്യത്തിലുള്ള ശക്തമായ എതിർപ്പും വിയോജിപ്പും മേൽഘടകമായ തലപ്പിള്ളി താലൂക്ക് കരയോഗം യൂണിയൻ ഭാരവാഹികളെ അറിയിക്കുവാനും യോഗം തീരുമാനിച്ചു. സെക്രട്ടറി എം.ജി. ശശിധരൻ നായർ, ട്രഷറർ വി. അരവിന്ദാക്ഷൻ നായർ എന്നിവർ സംസാരിച്ചു.