കൊരട്ടി തിരുനാൾ: പൂവൻകുലകൾ വെഞ്ചരിച്ചു
1598996
Sunday, October 12, 2025 12:40 AM IST
കൊരട്ടി: മുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാവിലെ 5.30നു നടന്ന ദിവ്യബലിക്കുശേഷം വികാരി ഫാ. ജോൺസൺ കക്കാട്ട് പൂവൻകുലകളുടെ വെഞ്ചരിപ്പ് നടത്തി. ദേവാലയത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പൂവൻകായ എടുത്തുവയ്ക്കൽ.
10.30 നു നടന്ന ആഘോഷമായ സമൂഹബലിക്ക് ഇടവകയിലെ വൈദികരാണ് നേതൃത്വം നൽകിയത്. വൈകീട്ട് അഞ്ചുമണിക്കു നടന്ന ആഘോഷമായ പാട്ടുകുർബാനയ്ക്കുശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരുന്നു. ആയിരങ്ങളാണ് പള്ളിചുറ്റി നടന്ന പ്രദക്ഷിണത്തിൽ പങ്കെടുത്തത്.
വാഹന പാർക്കിംഗ്
1. ചാലക്കുടി ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി ജംഗ്ഷനിലെത്തി എംഎഎം ഹൈസ്കൂൾ ഗ്രൗണ്ടിലോ മദുര കോട്സ് ഗ്രൗണ്ടിലോ പാർക്ക് ചെയ്തശേഷം കാൽനടയായി പള്ളിയിലേക്കു പോകണം.
2. അങ്കമാലി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഹൈവേയിൽ ബ്ലോക്ക് ഉണ്ടാകുന്നപക്ഷം ജെടിഎസ് ജംഗ്ഷനിൽനിന്നു കോനൂർ വഴി എംഎഎം ഹൈസ്കൂൾ ഗ്രൗണ്ടിലോ മദുര കോട്സ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം. കൂടാതെ അങ്കമാലി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പൊങ്ങം, ചെറ്റാരിക്കൽ-വഴിച്ചാൽവഴി വന്ന് ദേവമാത ആശുപത്രി പരിസരത്തു വന്ന് പാർക്ക് ചെയ്യണം.
3. അന്നമനട, കാടുകുറ്റി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കുലയിടം പത്തേക്കർ ഭാഗത്തു പാർക്ക് ചെയ്തശേഷം കാൽനടയായി പള്ളിയിലേക്കു പോകണം.
4. ആറാംതുരുത്ത്, കുലയിടം ഭാഗംകൂടി കയറിവരുന്ന വാഹനങ്ങളും കുലയിടം മോട്ടോർ ഷെഡ് വഴി വരുന്ന വാഹനങ്ങളും കൊരട്ടി പള്ളിയുടെ തെക്കുഭാഗത്തുള്ള പുളിഞ്ചോട് ജംഗ്ഷൻവരെ മാത്രമേ വാഹനഗതാഗതം അനുവദിക്കുകയുള്ളു.
5. മാമ്പ്ര, വെസ്റ്റ് കൊരട്ടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ചെറ്റാരിക്കൽ - വഴിച്ചാൽ വഴി വന്ന് ദേവമാത ആശുപത്രി പരിസരത്തുവന്ന് പാർക്ക് ചെയ്തശേഷം കാൽനടയായി പള്ളിയിലേക്കു പോകണം.
6. നാലുകെട്ട്, കോനൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ എംഎഎം ഹൈസ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തശേഷം കാൽനടയായി പള്ളിയിലേക്കു പോകണം.
ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവർ കൊരട്ടി ഒഴിവാക്കി മറ്റു വഴികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു പോലീസ് നിർദേശം നൽകി.