തൃശൂരിൽ യൂത്ത് കോണ്ഗ്രസ് - യുവമോർച്ച പ്രവർത്തകരെ കരുതൽതടങ്കലിലാക്കി
1598985
Sunday, October 12, 2025 12:39 AM IST
തൃശൂർ: തൃശൂർ നഗരത്തിൽനിന്ന് യൂത്ത് കോണ്ഗ്രസ്-യുവമോർച്ച പ്രവർത്തകരെ പോലീസ് കരുതൽതടങ്കലിലാക്കി. ഇന്നലെ രാവിലെ പാലസ് റോഡിൽനിന്നാണ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയൻ താമസിച്ചിരുന്ന രാമനിലയം ഗസ്റ്റ് ഹൗസിനു സമീപത്തുനിന്ന് ഇവരെ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
മൂന്നു യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെയും അഞ്ച് യുവമോർച്ച പ്രവർത്തകരെയുമാണ് കരുതൽതടങ്കലിലാക്കിയത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കാത്തുനിന്നവരാണ് ഇവരെന്നു പോലീസ് പറയുന്നു. അതുകൊണ്ടാണ് മുൻകരുതലെന്ന നിലയിൽ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നു പോലീസ് വാഹനത്തിൽ കയറുംമുന്പ് ഇരുകൂട്ടരും ആരോപിച്ചു. മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇരുകൂട്ടരും പോലീസ് വാഹനത്തിലേക്കു കയറിയത്.
യൂത്ത് കോണ്ഗ്രസ് നേതാക്കളായ മിഥുൻ മോഹൻ, വിഷ്ണു ചന്ദ്രൻ, ജെറോം ജോണ് എന്നിവരെയും യുവമോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, ജനറൽ സെക്രട്ടറി കൃഷ്ണദത്ത്, രാഹുൽ നന്തിക്കര, വൈസ് പ്രസിഡന്റ് വിഷ്ണു, നന്ദു എന്നിവരെയുമാണ് കസ്റ്റഡിയിലെടുത്തത്.