കൊരട്ടിമുത്തിയുടെ തിരുനാൾ ഇന്ന്
1598980
Sunday, October 12, 2025 12:39 AM IST
കൊരട്ടി: സുപ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അദ്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ഇന്ന്. മാതൃവാത്സല്യത്തിന്റെ തണൽതേടി നാനാജാതിമതസ്ഥരായ പതിനായിരക്കണക്കിനു വിശ്വാസികൾ ഇന്നു കൊരട്ടിമുത്തിയുടെ സവിധത്തിലെത്തും.
തിരുനാൾഞായറാഴ്ച മാത്രം ഭക്തജനങ്ങൾക്കു വണങ്ങാൻ വയ്ക്കാറുള്ള മുത്തിയുടെ അദ്ഭുതരൂപം ഇന്നു പുലർച്ചെ അഞ്ചിന് എഴുന്നള്ളിച്ചുവയ്ക്കും. വികാരി ഫാ. ജോൺസൺ കക്കാട്ടിന്റെ മുഖ്യകാർമികത്വത്തിലായിരിക്കും ചടങ്ങുകളും വിശുദ്ധകുർബാനയും നടക്കുക. വചനസന്ദേശത്തിനുശേഷം അദ്ഭുതരൂപം രൂപപ്പുരയിലേക്കു കൊണ്ടുപോകും. ഭക്തർക്കു മുത്തിയുടെ രൂപം വണങ്ങാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഏഴിനും 8.30 നും നടക്കുന്ന ദിവ്യബലി, 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. വിപിൻ വേരൻപിലാവ് കാർമികനാകും. ഉച്ചയ്ക്ക് 1.30 നു തമിഴിൽ വിശുദ്ധ കുർബാന. 2.30ന് ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയെതുടർന്ന് നാല് അങ്ങാടിചുറ്റി പ്രദക്ഷിണം. 4.30നും 7.30നും 9.30നും വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. 11.30ന് അദ്ഭുതരൂപം അകത്തേക്കു കയറ്റിവയ്ക്കും.
നാളെമുതൽ 17 വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 നും ഏഴിനും ഒമ്പതിനും ഉച്ചകഴിഞ്ഞു മൂന്നിനും അഞ്ചിനും ദിവ്യബലിയും രാവിലെ 10.30 ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ ഏഴുമണിക്കുള്ള ദിവ്യബലിയെതുടർന്നു വാഹനങ്ങളുടെ വെഞ്ചരിപ്പും 10.30നുള്ള പ്രാർഥനാശുശ്രൂഷകൾക്കുശേഷം കുഞ്ഞുങ്ങളുടെ ചോറൂട്ടും എഴുത്തിനിരുത്തും വൈകുന്നേരം ആറിനു ജപമാലപ്രദക്ഷിണവും ഉണ്ടായിരിക്കും.
17നു രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയെതുടർന്ന് കുഞ്ഞിപ്പൈതങ്ങളുടെ സമർപ്പണവും ഒരുക്കിയിട്ടുണ്ട്. ഫാ. അഖിൽ മേനാച്ചേരി ആയിരിക്കും കാർമികൻ. 18, 19 തീയതികളിൽ എട്ടാമിടവും 25, 26 തീയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കും.