ചാലക്കുടി ടിടിഐക്കു പുതിയ കെട്ടിടം: സ്ഥലപരിശോധന നടത്തി
1598995
Sunday, October 12, 2025 12:40 AM IST
ചാലക്കുടി: ടിടിഐക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിൻ്റെ ഭാഗമായി എസ്റ്റിമേറ്റും പ്ലാനും തയാറാക്കുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി.
സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ബജറ്റ് നിർദേശത്തിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചാണ് നിർമാണം. നിലവിലുള്ള ടിടിഐയുടെയും എൽപി സ്കൂളിന്റെയും സമീപത്താണ് കെട്ടിടത്തിന്റെ നിർമാണം. ഏറെ കാലപ്പഴക്കംചെന്ന ടിടിഐയുടെ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളേറെയായി.
നേരത്തെ എൽപി സ്കൂൾ നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ടിടിഐയുടെ ഒരു ഭാഗം പൊളിച്ചുമാറ്റുകയും ചെയ്തു. നിലവിൽ വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ടിടിഐ പ്രവർത്തിക്കുന്നത്.
ടിടിഐക്ക് കെട്ടിടം പൂർത്തിയാവുന്നതോടെ, ഈ കോമ്പൗണ്ടിലുള്ള അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുതിയ കെട്ടിടങ്ങൾ യാഥാർഥ്യമാകും. പഴയ കെട്ടിടങ്ങൾ എല്ലാം പൊളിച്ചുമാറ്റി, നിലവിലുള്ള ദേശീയപാതയോടുചേർന്ന ഗ്രൗണ്ട് കൂടി ഉൾപ്പെടുത്തി വിശാലമായ കളിസ്ഥലം തയാറാക്കാനാണ് പദ്ധതി.
സനീഷ്കുമാർ ജോസഫ് എംഎൽഎയ്ക്കൊപ്പം നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ, യുഡിഎഫ് ലീഡർ ബിജു എസ്. ചിറയത്ത്, വാർഡ് കൗൺസിലർ നീത പോൾ, പ്രധാന അധ്യാപകരായ പി. മിനി, സ്മിത മാനുവൽ എന്നിവർ സ്ഥലം സന്ദർശിച്ചു.