കൊരട്ടിമുത്തിയുടെ തിരുനാൾ ഭക്തിസാന്ദ്രം; ദർശനപുണ്യംതേടി പതിനായിരങ്ങൾ
1599237
Monday, October 13, 2025 1:18 AM IST
കൊരട്ടി: ഐതിഹ്യ പെരുമകളേറെയുള്ള കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ഭക്തിസാന്ദ്രമായി. തിരുനാൾ ഞായറാഴ്ച മാത്രം ഭക്തജനങ്ങൾക്കു വണങ്ങാൻ മദ്ബഹ യിൽ നിന്നും താഴെ ഇറക്കി വയ്ക്കാറുള്ള മുത്തിയുടെ അത്ഭു ത രൂപത്തിന്റെ ദർശനപുണ്യംതേടി ഇന്നലെ പുലർച്ചെ മുതൽ പതിനായിരങ്ങളാണു ദേവാലയത്തിലെത്തിയത്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും നാനാജാതി മതസ്ഥ രായ വിശ്വാ സികളും ഒഴുകിയെത്തിയതോടെ പള്ളിമുറ്റം ജനസമുദ്രമായി മാറി.
ഭക്തജനങ്ങളുടെ തിരക്ക് മുന്നിൽകണ്ട് പള്ളിമുറ്റത്ത് നാലിടങ്ങളിൽ എൽഇഡി വാളുകൾ സ്ഥാപിച്ചിരുന്നു. അത്ഭുതരൂപം പുറത്തേക്ക് ഇറക്കുന്ന സമയം ഇരുകൈകളും ഉയർത്തി മാതൃസ്തുതികളോടെയാണു വിശ്വാസികൾ എതി രേറ്റത്. വികാരി ഫാ. ജോൺസൺ കക്കാട്ടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകളും വിശുദ്ധ കുർബാനയും. തുടർന്ന് അത്ഭുത രൂപം രൂപപ്പുരയിലേക്ക് കൊണ്ടുപോയി. ഭക്തർക്ക് മുത്തിയുടെ രൂപം വണങ്ങാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
രാവിലെ 10.30 ന് നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിപിൻ വേരൻപിലാവ് കാർമികനായി. ഉച്ചതിരിഞ്ഞ് 2.30 ന് ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ നടന്ന ആഘോ ഷമായ തിരുനാൾ പാട്ടുകുർബാനയിലും വൻപങ്കാളിത്തം ഉണ്ടായിരുന്നു. തുടർന്ന് നാല് അങ്ങാടി ചുറ്റി നടന്ന പ്രദക്ഷി ണത്തിലും മഴയെ അവഗണിച്ച് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
വികാരി ഫാ. ജോൺസൺ കക്കാട്ട്, സനീഷ്കുമാർ ജോസഫ് എംഎൽഎ, അസി. വികാരിമാരായ ഫാ. അരുൺ തേരുളി, ഫാ. ലിജോ കുരിയേടൻ, ഫാ. ജോമോൻ കൈപ്ര മ്പാടൻ, ഫാ. ജിബിൻ എടത്തിപ്പറമ്പൻ, കൈക്കാരന്മാരായ വി.ഡി. ജൂലിയസ്, ജോമോൻ ജോസ്, തിരുനാൾ ജനറൽ കൺവീനർ ജിഷോ ജോസ്, സുനിൽ ജോസ്, കേന്ദ്രസമിതി വെെസ് ചെയർമാൻ ഡോ. ജോജോ നാൽപ്പാട്ട് എന്നിവർ നേതൃത്വം നൽകി. രാവിലെ മുതൽ രാത്രി 10വരെ തുടർച്ച യായി ഒരുക്കിയ വിശുദ്ധ കുർബാനകളിൽ ഒട്ടേറെ വിശ്വാസി കളും പങ്കെടുത്തു.
രാത്രി പതിനൊന്നരയോടെ അത്ഭുതരൂപം മദ്ബഹയി ലേക്കു കയറ്റിവച്ചു. ഇന്ന് മുതൽ 17 വരെയുള്ള ദിവസങ്ങളിൽ രാവിലെ 5.30 നും ഏഴിനും ഒമ്പതിനും ഉച്ചതിരിഞ്ഞ് മൂന്നിനും അഞ്ചിനും ദിവ്യബലിയും രാവിലെ 10.30 ന് ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ഈ ദിവസങ്ങളിൽ രാവിലെ ഏഴിനുള്ള ദിവ്യബലിയെ തുടർന്ന് വാനങ്ങളുടെ വെഞ്ചരിപ്പും 10.30 നുള്ള പ്രാർഥനാശുശ്രൂഷകൾക്കുശേഷം കുഞ്ഞുങ്ങളുടെ ചോ റൂട്ടും എഴുത്തിനിരുത്തും വൈകുന്നേരം ആറിന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.
17ന് രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയെ തുടർന്ന് കുഞ്ഞിപൈതങ്ങളുടെ സമർപ്പണവും ഒരുക്കിയിട്ടുണ്ട്. 18, 19 തീയതികളിൽ ഏട്ടാമിടവും 25, 26 തീയതികളിൽ പതിനഞ്ചാമിടവും ആഘോഷിക്കും.