""അപരന്റെ വേദനയിൽ സ്വയം വേദനിക്കുന്ന മനസിൽനിന്നേ സാന്ത്വനം വരികയുള്ളൂ''
1598989
Sunday, October 12, 2025 12:39 AM IST
തൃശൂർ: അപരന്റെ വേദനയിൽ സ്വയം വേദനിക്കുന്ന മനസിൽനിന്നേ സാന്ത്വനം വരികയുള്ളൂവെന്ന് സാറാ ജോസഫ്. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തൃശൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
മറ്റൊരാളുടെ ദുരിതം മനസിലാക്കുവാനുള്ള പരക്ലേശവിവേകം എല്ലാവർക്കും ഉണ്ടാകണമെന്നും ശാന്തമായ മരണത്തെക്കുറിച്ച് സമൂഹം ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
ഡോ.ഇ. ദിവാകരൻ ഈ വർഷത്തെ ദിനാചരണസന്ദേശത്തെക്കുറിച്ച് വിശദീകരിച്ചു. പി.വി. മോഹനൻ, വി.വി. അമൃതലക്ഷ്മി എന്നിവർ സംസാരിച്ചു. സെന്റ് തോമസ് കോളജിലെയും സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെയും വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രബന്ധ-ക്വിസ് മത്സര വിജയികൾക്കു സാറാ ജോസഫ് പുരസ്കാ രങ്ങൾ നൽകി.